കോപ്പൻഹേഗൻ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗ്രീന്‍ലാന്‍ഡിന്‍റെ തലസ്ഥാന നഗരമായ നൂക്കില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 15 വരെയാണ് നിരോധനം. ക്വാറൻറ്റൈന്‍ കാലത്ത് കുട്ടികള്‍ക്ക് സുരക്ഷിതമായൊരു വീടൊരുക്കുകയാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭരണപക്ഷ നേതാവ് കിം കെല്‍സണ്‍ പറഞ്ഞു. രോഗം പടരാതെ സൂക്ഷിക്കുന്നതിനോടൊപ്പം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഗാര്‍ഹിക പീഡനനിരക്കും കുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
കൊവിഡ് വ്യാപനം; നൂക്കില്‍ ഏപ്രില്‍ 15 വരെ മദ്യ നിരോധനം - ഗ്രീന്‍ലാന്‍ഡ്
കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ക്വാറൻറ്റൈന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടികള്‍ക്കെതിരായ പീഡന നിരക്കില്‍ വര്‍ധനവെന്ന് കണ്ടെത്തിയതോടെയാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.
സ്വയം ഭരണപ്രദേശമായ ഡാനിഷ് ആര്‍ട്ടികില്‍ മൂന്നിലൊരു കുട്ടി പീഡിപ്പിക്കപ്പെടുന്നതായാണ് കണക്ക്. 2022 ഓടെ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുടെ നിരക്ക് ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും കിം കെല്‍സണ്‍ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് ആരും വീടിന് പുറത്തിറങ്ങാന്‍ പാടില്ല. പൊതു സ്ഥലങ്ങളില്‍ പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ലെന്നുമാണ് ഭരണകൂടത്തിന്‍റെ അറിയിപ്പ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.