വാഷിങ്ടണ്‍: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്‌ച നടത്തി. 2020 ജൂണിൽ നടന്ന ലീഡേഴ്‌സ് വെർച്വൽ ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതി നേതാക്കൾ അവലോകനം ചെയ്‌തു. കൊവിഡിനെ തുടര്‍ന്ന് ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്‌ചയാണിത്.
ഈയിടെ നടന്ന ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ വിദേശ, പ്രതിരോധ മന്ത്രിമാരുടെ ഉന്നതതല യോഗത്തെ കുറിച്ച് പരാമര്‍ശിച്ച നേതാക്കള്‍ പരസ്‌പര ക്ഷേമത്തിനായി സഹകരണം തുടരുമെന്നും ഉറപ്പ് നല്‍കി. ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിൽ (സിഇസിഎ) നടക്കുന്ന ചർച്ചകളിൽ രാഷ്‌ട്ര തലവന്മാര്‍ സംതൃപ്‌തി രേഖപ്പെടുത്തി. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് മോറിസന്‍റെ പ്രത്യേക വ്യാപാര പ്രതിനിധിയായി ഇന്ത്യ സന്ദർശിച്ചതിനെയും നേതാക്കള്‍ സ്വാഗതം ചെയ്‌തു.