വാഷിങ്ടൺ: താലിബാൻ ആക്രമണം തുടരുന്നതിനിടെ സായുധ നീക്കത്തിലൂടെ അധികാരത്തിലെത്തുന്ന ഒരു അഫ്‌ഗാൻ സർക്കാരിനെയും അംഗീകരിക്കില്ലെന്ന് യുഎസ്, ഇന്ത്യ, ചൈന ഉൾപ്പെടെ 12 രാജ്യങ്ങളും യുണൈറ്റഡ് നേഷൻസ്, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്ന അഫ്ഗാനിലെ സുരക്ഷ സാഹചര്യം നിയന്ത്രിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ അമേരിക്ക, ഖത്തർ, യുഎൻ, ചൈന, ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ, യുകെ, യൂറോപ്യൻ യൂണിയൻ, ജർമനി, ഇന്ത്യ, നോർവെ, താജിക്കിസ്ഥാൻ, തുർക്കി, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് തീരുമാനം. ഖത്തർ ആണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ- അഫ്‌ഗാനിസ്ഥാൻ -ഇറാൻ ഡിവിഷനിലെ ജോയിന്‍റ് സെക്രട്ടറിയായ ജെപി സിങ് ദോഹയിൽ നടന്ന യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം ദിനംപ്രതി രാജ്യത്തെ ക്രമസമാധാന തകർത്തുകൊണ്ടിരിക്കുകയാണ്. കാബൂളിന് ശേഷമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും വലിയ നഗരങ്ങളും തന്ത്രപ്രധാനമായ പ്രവിശ്യ തലസ്ഥാനങ്ങളുമായ ഹെറാത്ത്, കാണ്ഡഹാർ എന്നിവ താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തുകഴിഞ്ഞു.