പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ജോ ബൈഡന്‍ യു എസിൽ അധികാരത്തിലേറിയതോടെ ഒരു പുതിയ ഏടാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും മൂല്യങ്ങളുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ അമേരിക്കയുടെ ആത്മാവിനെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ് എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബൈഡന്‍ മത്സര രംഗത്തുണ്ടായിരുന്നത്. വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശം ലഭിച്ച് ഒരു നൂറ്റാണ്ടിനു ശേഷം ഇതാദ്യമായി ഒരു സ്ത്രീ അമേരിക്കയുടെ വൈസ് പ്രസിഡന്‍റാമാറിയിരിക്കുന്നു. അവർ ഒരു ഇന്ത്യന്‍ വംശജയാണെന്നുള്ളത് വികസ്വര ലോകത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുള്ള ഒന്നാണ്.
“അമേരിക്ക ആദ്യം'' എന്ന മുദ്രാവാക്യത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് യുഎസിന്‍റെ പ്രസിഡന്‍റായി മാറുന്നത്. തന്‍റെ നാലു വര്‍ഷത്തെ കാലയളവില്‍ രാജ്യത്തെ അദ്ദേഹം പ്രതിസന്ധികളിലേക്ക് എത്തിച്ചു. 1861-ലെ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എബ്രഹാം ലിങ്കനും, 1933-ൽ അസാധാരണമായ മാന്ദ്യം രാജ്യത്ത് സംഭവിച്ചപ്പോൾ ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റും നേരിട്ട പ്രതിസന്ധികളേക്കാള്‍ വളരെ വലിയ വെല്ലുവിളികളാണ് പ്രസിഡന്‍റ് എന്ന നിലയില്‍ ജോ ബൈഡന്‍ ഇപ്പോള്‍ നേരിടാന്‍ പോകുന്നത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
എന്നാൽ പുതിയ ഒരു യുദ്ധത്തിനും തുടക്കം കുറിക്കാത്ത, ദശാബ്‌ദങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പ്രസിഡന്‍റാണ് താനെന്ന് ട്രംപ് മുമ്പ് പ്രഖ്യാപിച്ചരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് തന്നെ പിന്തുണയ്ക്കുന്ന ജനക്കൂട്ടത്തെ സ്വന്തം രാജ്യത്തിന്‍റെ അധികാര കേന്ദ്രമായ ക്യാപിറ്റോള്‍ ഹില്ലിനെ തന്നെ ആക്രമിക്കുവാന്‍ പ്രകോപിപ്പിച്ചതിന് ഉത്തരവാദി. വലതുപക്ഷ തീവ്രവാദി എന്നുള്ള പ്രതിച്ഛായ ഉണ്ടായിട്ടും 7.4 കോടി വോട്ടുകള്‍ ട്രംപ് നേടിയെടുത്തു എന്നതിനാല്‍ ട്രംപിസത്തിന്‍റെ കറകള്‍ മായ്ച്ചു കളയുക അത്ര എളുപ്പമുള്ള കാര്യമല്ല. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ നുണ പറഞ്ഞ മറ്റൊരു പ്രസിഡന്‍റ് ഉണ്ടായിക്കാണില്ല. അതുപോലെ ട്രംപിനെ പോലെ ഭരണഘടനാ വ്യവസ്ഥയെ മൊത്തം ഒരു മടിയുമില്ലാതെ ക്ഷതമേല്‍പ്പിച്ച മറ്റൊരു പ്രസിഡന്‍റും ഉണ്ടാകില്ല. എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കടത്തില്‍ നിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം വാഗ്രദാനം ചെയ്തിരുന്നു. എന്നാല്‍ നാല് വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ കടബാധ്യതയിലേക്ക് 8.3 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ട്രെംപ് ചെയ്തത്. മദമിളകിയ ആനയെ പോലെ അദ്ദേഹം തച്ചുടച്ച വ്യവസ്ഥയെ നേരെയാക്കി എടുക്കുകയും അത് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കുകയുമാണ് ജോ ബൈഡന്‍ നേരിടുന്ന പ്രഥമ വെല്ലുവിളി.
കൊവിഡ് 19 മഹാമാരി നാല് ലക്ഷം അമേരിക്കക്കാരുടെ മരണത്തിനാണ് കാരണമായിരിക്കുന്നത്. വാജകമടി കൂടുതലും പണിയെടുക്കല്‍ കുറവുമായിരുന്ന രീതി മുഖമുദ്രയാക്കി മാറ്റിയ ട്രംപിന്‍റെ ഭരണകാലം നല്‍കിയ തിരിച്ചടിയാണ് ഇത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തോളം വരും കൊവിഡ്-19 മൂലം മരിച്ച അമേരിക്കക്കാരുടെ എണ്ണം. ഈ മാരകമായ വൈറസ് തന്നെയും ബാധിച്ചതിനു ശേഷം മാത്രമാണ് മഹാമാരിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് ട്രംപ് തിരിച്ചറിഞ്ഞത്.