വാഷിങ്ടണ്‍: നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറന്‍സ് റോവർ ചൊവ്വയിലിറങ്ങാന്‍ എതാനും മണിക്കൂറുകള്‍ മാത്രം. ഏഴ് മാസത്തെ യാത്രക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയാണ് റോവർ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുക . നാസ ചൊവ്വയിലേക്ക് അയച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്. ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ഒപ്പം ചൊവ്വയിലെ സൂക്ഷ ജീവികളെക്കുറിച്ചുമുള്ള വിവരങ്ങളും ശേഖരിക്കും. ചിത്രങ്ങൾ പകർത്താനും വിവരങ്ങൾ ഭൂമിയിലേക്ക് അയച്ച് നൽകാനും റോവറിന് കഴിയും. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജസീറോ ക്രേറ്ററിലാണ് റോവർ പറന്നിറങ്ങുക. ചൊവ്വയില്‍ പുരാതനമായ നദി ഒഴുകിയിരുന്നുവെന്നും അതിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന മേഖലയാണ് ജസീറോ ക്രേറ്റർ.
പെർസിവറന്‍സ് റോവർ ചൊവ്വയുടെ പ്രതലത്തിലിറങ്ങുന്ന നിമിഷങ്ങള്‍ ഏറെ നിർണായകമാണ് . ഒരു ചൊവ്വാ ദൗത്യത്തിന്‍റെയും വിജയം ഉറപ്പ് നല്‍കാനാവില്ല. എന്നാല്‍ മികച്ച സാങ്കേതിക വിദ്യകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രൊജക്ട് മാനേജർ ജെന്നിഫർ ട്രോപ്സർ പറയുന്നു. റോവർ ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് തുടങ്ങി ഉപരിതലം തൊടുന്നത് വരെയുള്ള ഘട്ടത്തെ ഭീകരതയുടെ 7 മിനിറ്റുകൾ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.