കേരളം

kerala

ETV Bharat / international

വർണവിവേചനത്തിന്‍റെ കോട്ടകൾ തകർത്ത വിപ്ലവകാരി; ജൂലൈ 18, ലോക മണ്ടേല ദിനം

'ഒരു കൈയ്ക്ക് മറ്റൊന്നിനെ പോറ്റാൻ കഴിയും' എന്നതാണ് ഈ വർഷത്തെ മണ്ടേല ദിനത്തിന്‍റെ തീം.

By

Published : Jul 18, 2021, 4:54 PM IST

nelson mandela  nelson mandela news  nelson mandela day  july 18 nelson mandela day  മണ്ടേല ദിനം  ജൂലൈ 18 മണ്ടേല ദിനം  നെൽസൺ മണ്ടേല
ലോക മണ്ടേല ദിനം

ജൂലൈ 18, ഇന്ന് ലോക മണ്ടേല ദിനം. വർണവിവേചനത്തിനെതിരെ ജീവിതാവസാനം വരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് ലോകമെമ്പാടും മണ്ടേല ദിനമായി ആചരിക്കുന്നത്.

കറുത്ത വർഗക്കാർ നേരിട്ടിരുന്ന ദുരിതങ്ങൾക്കെതിരെ ശബ്‌ദമുയർത്തിയതിനാൽ സ്വന്തം നാട്ടിൽ തന്നെ ഭീകരനെന്ന് ചാപ്പകുത്തി 27 വർഷക്കാലം തടവറയിൽ കഴിഞ്ഞിരുന്നു മണ്ടേല. എന്നാൽ ആ 27 വർഷങ്ങൾക്കും കഴിഞ്ഞില്ല മണ്ടേലയുടെ ഉള്ളിലെ തീ അണയ്ക്കാൻ.

അവസാനം, കാലവും ചരിത്രവും മണ്ടേലയെ കുറ്റവിമുക്തനാക്കി. തീർന്നില്ല, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റുമായി കറുത്ത വർഗക്കാരനായ മണ്ടേല.

സാമൂഹ്യനീതിയുടെ നേതാവും ജനാധിപത്യത്തിന്‍റെ കടുത്ത വക്താവുമായാണ് മണ്ടേലയെ ലോകത്താകമാനം കണക്കാക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സമ്പ്രദായത്തെ എതിർത്ത അദ്ദേഹം എല്ലാവർക്കും സാമൂഹിക സമത്വം സ്ഥാപിക്കുന്നതിനായി തന്‍റെ ജീവിതം സമർപ്പിച്ചു.

സാമൂഹ്യ പരിഷ്‌കരണത്തെക്കുറിച്ചുള്ള വിപുലമായ പ്രവർത്തനത്തിന് 250 ഓളം ബഹുമതികളും മണ്ടേലയ്ക്ക് ലഭിച്ചിട്ടുണ്ട്. 1993 ൽ സമാധാനത്തിനുള്ള നോബേൽ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.

മണ്ടേല ദിന ചരിത്രം

ജൂലൈ 18നെ 2009ൽ നെൽ‌സൺ മണ്ടേല അന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്രസഭയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2010 ലാണ് ആദ്യമായി മണ്ടേല ദിനം ആഘോഷിച്ചത്. തന്‍റെ ജന്മദിനം മണ്ടേല ദിനമായി ആഘോഷിക്കുമെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതായാണ് കരുതപ്പെടുന്നത്.

മണ്ടേല ദിനത്തിന്‍റെ പ്രാധാന്യം

മണ്ടേലയുടെ സേവനങ്ങൾ സ്‌മരിക്കുന്നതിനും സന്നദ്ധപ്രവർത്തനം, അവബോധം, കമ്മ്യൂണിറ്റി സേവനം എന്നിവയിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം. വർഗത്തിനും വർണത്തിനും മുകളിൽ ഉയരാനായി സമത്വത്തിന്‍റെ ആവശ്യകതയിലും ആളുകൾ ഒന്നായി പ്രവർത്തിക്കേണ്ടതിന്‍റെ പ്രധാന്യത്തിലും മണ്ടേല വിശ്വസിച്ചിരുന്നു. മണ്ടേല സമൂഹത്തിലേക്ക് പകർന്ന മൂല്യങ്ങൾ പുതുക്കാനുള്ള അവസരമായി ഈ ദിവസത്തെ കണക്കാക്കുന്നു.

2014 ൽ ഐക്യരാഷ്ട്ര പൊതുസഭ നെൽസൺ മണ്ടേല പ്രൈസ് അവതരിപ്പിച്ചിരുന്നു. നെൽസൺ മണ്ടേലയെ പോലെ മനുഷ്യരാശിയെ സേവിക്കാനായി സ്വയം ജീവിതം സമർപ്പിച്ചവരെ തിരിച്ചറിയാനാണ് മണ്ടേല പ്രൈസ് അവതരിപ്പിക്കുന്നത് എന്നാണ് ഐക്യരാഷ്‌ട്ര സഭ പറഞ്ഞത്.

മണ്ടേല ദിനത്തിന്‍റെ 2021ലെ തീം

2010 ൽ ആരംഭിച്ചതിനുശേഷം, നെൽ‌സൺ മണ്ടേല അന്താരാഷ്‌ട്ര ദിനം ഓരോ വർഷവും ഒരു തീം അടിസ്ഥാനമാക്കിയാണ് ആഘോഷിച്ച് വരുന്നത്. 'ഒരു കൈയ്ക്ക് മറ്റൊന്നിനെ പോറ്റാൻ കഴിയും' എന്നതാണ് ഈ വർഷത്തെ തീം.

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വംശഹത്യ, കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളാണ് മണ്ടേല ദിനം ആഘോഷിക്കുന്നത്.

പ്രചാരത്തിലുള്ള ഈ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി ഇത്തരം സംഘടനകൾ ഒത്തുചേരുന്നു. 'നടപടിയെടുക്കുക, മാറ്റത്തിന് പ്രചോദനം നൽകുക' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ തീം.

എല്ലാവർക്കും സമാധാനപരവും സുസ്ഥിരവും തുല്യവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സർക്കാരുകളും പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ തീമിന്‍റെ ലക്ഷ്യം.

Also Read:വില 7 ലക്ഷം; ആരാധകരെ ഞെട്ടിച്ച് 'വില്യം പെൻ', ശരിക്കും പേന തന്നെ

ABOUT THE AUTHOR

...view details