കേപ്‌ടൗൺ:കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോൺ' ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനം തികച്ചും നീതിരഹിതമാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല. പുതിയ വകഭേദം കൂടുതൽ അപകടകാരിയാണെന്നും വാക്‌സിനുകളുടെ സംരക്ഷണ ശക്തി കുറയ്ക്കും എന്നുള്ളതിനും തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
B.1.1.529 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ, ലോകാരോഗ്യ സംഘടനയുടെ (WHO) മുന്‍കരുതല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ വന്നത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനോടകം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതായി അറിയിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള ചില രാജ്യങ്ങളുടെ പ്രതികരണം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഫാഹ്‌ല പ്രതികരിച്ചു.
READ MORE:New Covid variant in South Africa: ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം; രോഗപ്രതിരോധശേഷിയെ താറുമാറാക്കും
യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ പാലിക്കണമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. ഈ നടപടികളിൽ പോസ്റ്റ്-അറൈവൽ ടെസ്റ്റിങും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോങ്, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യയിലെത്തുമ്പോൾ കർശന മാർഗനിർദേശങ്ങൾ പാലിക്കേണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിതരായ 22 പേരിൽ പുതിയ വകഭേദം കണ്ടെത്തിയതായും ഇത് മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ മ്യൂട്ടേഷനുകൾ പ്രകടമാക്കിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ നിന്നും ബോട്‌സ്വാനയിലേക്കും ഹോങ്കോങ്ങിലേക്കും പോയ യാത്രക്കാരിലും കണ്ടെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെങ്ങിൽ യുവാക്കൾക്കിടയിൽ അതിവേഗം വ്യാപിക്കുകയാണ് പുതിയ കൊവിഡ് വകഭേദം.