വാഷിംഗ്ടൺ:കൊവിഡിനെ ചെറുക്കുന്നതിനായി പുറത്തിറക്കിയ ഫൈസറിന്‍റെ ഗുളിക ഒമിക്രോണ്‍ വകഭേദത്തിനും ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു. 2,250 ആളുകളില്‍ നടത്തിയ പഠനം വിജയമാണെന്നും കമ്പനി വ്യക്തമാക്കി. കൊവിഡിന്‍റെ തുടക്കത്തില്‍ തന്നെ മരുന്ന് കഴിച്ച് തുടങ്ങിയവരില്‍ അപകട സാധ്യത വലിയ രീതിയില്‍ കുറഞ്ഞു. മാത്രമല്ല പ്രായം കൂടിയവരില്‍ 89 ശതമാനം വരെ മരണ നിരക്ക് കുറയ്ക്കുന്നതിനും മരുന്ന് സഹായകമാണെന്നാണ് കമ്പനിയുടെ അവകാശ വാദം.
ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് മരുന്നെന്നാണ് ലാബോറട്ടറി റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഒമിക്രോണ്‍ വൈറസ് മനുഷ്യശരീരത്തില്‍ വളരാനായി ഉണ്ടാക്കുന്ന പ്രോട്ടീനിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ആന്‍റി വൈറസിനെയാണ് നിര്‍മിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് മരണവും രോഗ നിരക്കും കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഫൈസറിന്‍റെ കണ്ടെത്തല്‍. യുഎസിൽ 8,00,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read: പിടിമുറുക്കി ഒമിക്രോണ്‍; ചൈനയിലും രോഗം സ്ഥിരീകരിച്ചു
പുതിയതായി രൂപമാറ്റം സംഭവിച്ച ഡെല്‍റ്റ വേറിയന്‍റ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. തണുത്ത കാലാവസ്ഥയിലും ആളുകള്‍ തമ്മിലുള്ള ഒത്തു കൂടല്‍ നടക്കുമ്പോഴും ഇവയുടെ വ്യാപനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെയാണ് കൂടുതല്‍ അപകടകാരിയായി ഒമിക്രോണിന്‍റെ വരവെന്നതും ഭീതി കൂട്ടുന്നുണ്ട്.