ഫ്രീടൗണ്‍:ആഫ്രിക്കൻ രാജ്യമായ സീറ ലിയോണിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് 99 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. എണ്ണ ടാങ്കർ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ലോറിയിൽ നിന്ന് ചോർന്ന എണ്ണ ശേഖരിക്കാൻ ജനങ്ങൾ തടിച്ച് കൂടിയിരുന്നു. ഇതിനിടെയാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. മരണസംഖ്യ സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
പരിക്കേറ്റ 400ഓളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിലെ ആശുപത്രികളെല്ലം അപകടത്തിൽ പെട്ടവരെക്കൊണ്ട് നിറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഡോക്‌ടർമാരെയും നെഴ്‌സുമാരെയും നഗരത്തിലെ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്.
ചോർന്നൊലിക്കുന്ന ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കാനെത്തിയ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ഇതാണ് അപകടത്തിന്‍റെ വ്യാപ്‌തി വർധിപ്പിച്ചത്. അപകടത്തിന്‍റേത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ പൊള്ളലേറ്റ ധാരാളം ശരീരങ്ങൾ കാണാൻ സാധിക്കുന്നുണ്ട്.