കിൻഷാസ: കോംഗോയിൽ എബോള വൈറസ് പടരുന്നു. ഇക്വാറ്റൂർ പ്രവിശ്യയിലെ വംഗാത മേഖലയിലാണ് എബോള പടർന്ന് പിടിക്കുന്നത്. ആറ് എബോള കേസുകളാണ് വംഗാതയിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ നാല് പേർ മരിച്ചതായും രണ്ട് പേർ ചികിത്സയിൽ തുടരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആറ് കേസുകളിൽ മൂന്നെണ്ണം ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
കോംഗോയിൽ വീണ്ടും എബോള പടരുന്നു
കോംഗോയിലെ ഇക്വാറ്റൂർ പ്രവിശ്യയിൽ വൈറസ് ബാധിച്ച് നാല് പേർ മരിച്ചു. രണ്ട് പേർ ചികിത്സയിൽ തുടരുന്നു.
മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊവിഡ് മാത്രമല്ലെന്നുള്ള ഓർമപ്പെടുത്തലാണിത്. സംഘടന മറ്റ് ആരോഗ്യ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷിക്കുകയാണ്. 1976 ലാണ് ആദ്യമായി കോംഗോയിൽ എബോള സ്ഥിരീകരിക്കുന്നത്. അതിന് ശേഷം 11 തവണ രാജ്യത്ത് രോഗം സ്ഥിരീകരിച്ചുവെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. രാജ്യത്തിന്‍റെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യ അധികാരികൾ, ആഫ്രിക്ക സിഡിസി തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ മേധാവി ഡോ. മാത്ഷിദിസോ മൊയ്‌തി പറഞ്ഞു. പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ഒരു സംഘത്തെ ആഫ്രിക്കയിലേക്ക് അയക്കാൻ ലോകാരോഗ്യ സംഘടന പദ്ധതിയിടുകയാണ്. എബോളക്കെതിരെ പോരാടാൻ ഡബ്ല്യൂഎച്ച്ഒ കോംഗോയോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോംഗോയിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളാണ് വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന .