ജോഹന്നാസ്ബർഗ്:അസാധാരണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. പുതിയ വകഭേദം ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ കടന്നാക്രമിക്കുന്നതും അതിതീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല പറഞ്ഞു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെങ്ങിൽ യുവാക്കൾക്കിടയിൽ അതിവേഗം വ്യാപിക്കുകയാണ് പുതിയ കൊവിഡ് വകഭേദം.
ബി.1.1.529 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ നിന്നും ബോട്‌സ്വാനയിലേക്കും ഹോങ്കോങ്ങിലേക്കും പോയ യാത്രക്കാരിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ആഴ്‌ചയിൽ ദിവസേനയുള്ള കൊവിഡ് കേസുകളിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായത്. ബുധനാഴ്‌ച മാത്രം 1200ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് വകഭേദങ്ങളുടെ പ്രത്യേകതകൾ എല്ലാം പുതുതായി കണ്ടെത്തിയ വകഭേദത്തിലും അടങ്ങിയിട്ടുണ്ടെന്നും രോഗപ്രതിരോധ ശേഷിയെ താറുമാറാക്കാൻ ശേഷിയുള്ളതുമാണെന്നും ദക്ഷിണാഫ്രിക്കയിലെ നെറ്റ്‌വർക്ക് ഫോർ ജീനോമിക് സർവൈലൻസിലെ ശാസ്‌ത്രജ്ഞൻ ടുലിയോ ഡി ഒലിവേര പറഞ്ഞു. കൂടുതൽ ആളുകൾക്ക് വാക്‌സിനേഷൻ നൽകി രോഗത്തെ ചെറുക്കാൻ ശ്രമിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
Also Read: Schoool Time Schedule: പാഠഭാഗങ്ങള്‍ തീരുന്നില്ല; സ്‌കൂള്‍ പഠന സമയം വൈകിട്ട് വരെയാക്കും