ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയെ ഭീതിയിലാഴ്‌ത്തി മാര്‍ബര്‍ഗ് വൈറസ് രോഗബാധ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ വൈറസ് കേസാണ് ഗിനിയയില്‍ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗിനിയയില്‍ എബോളയുടെ രണ്ടാം വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് രാജ്യത്ത് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ ദക്ഷിണ ആഫ്രിക്ക, കെനിയ, അംഗോള, ഉഗാണ്ട, കോംഗോ എന്നി രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആദ്യ കേസ്
ലൈബീരിയ, ഐവറി കോസ്റ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഗിനിയയിലെ ഗൊക്കെഡുവിലാണ് വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സിയേറ ലിയോണ്‍, ലൈബീരിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 25 മുതല്‍ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഓഗസ്റ്റ് ഒന്നിന് പനി, തലവേദന, ക്ഷീണം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ഇയാള്‍ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. മലേറിയയുടെ പരിശോധനകള്‍ നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ഓഗസ്റ്റ് രണ്ടിന് ഇയാള്‍ മരിച്ചു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതന്‍റെ കുടുംബാംഗങ്ങളും ഇയാളെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരെ നിരീക്ഷിച്ച് വരികയാണെന്നും രോഗബാധയുടെ ഉറവിടവും മറ്റ് സമ്പര്‍ക്കങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.