ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണ സുഡാൻ നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച് ഫ്രാൻസിസ് മാര്‍പ്പാപ്പ. ദക്ഷിണ സുഡാൻ പ്രസിഡന്‍റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍, മറ്റു നേതാക്കള്‍ തുടങ്ങിയവരോടായിരുന്നു മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥന. രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നേതാക്കന്മാര്‍ ഒപ്പുവെച്ച ഐക്യസര്‍ക്കാര്‍ രൂപീകരിക്കാമെന്ന യുദ്ധവിരാമ ഉടമ്പടി പാലിക്കണമെന്നും ഫ്രാൻസിസ് മാര്‍പ്പാപ്പ നേതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചു.
ഒരു സഹോദരൻ എന്ന നിലയിലാണ് സമാധാനമായി ജീവിക്കാൻ ആവശ്യപ്പെടുന്നത്. പ്രശ്നങ്ങള്‍ നമ്മളെ കീഴ് പ്പെടുത്തരുത് എന്നും അവ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ഫ്രാൻസിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
ദക്ഷിണ സുഡാനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി വിഭാഗീയപ്രശ്നങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂര്‍ പ്രാര്‍ഥനക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. ഇതിനിടെ നടന്ന യോഗത്തിലാണ് മാര്‍പ്പാപ്പ നേതാക്കന്മാരുടെ പാദങ്ങളില്‍ ചുംബിച്ചത്. എണ്‍പത്തിരണ്ടുകാരനായ മാര്‍പ്പാപ്പയുടെ പ്രവൃത്തിയില്‍ നേതാക്കന്മാര്‍ അമ്പരന്നു.
2011ല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്ന സുഡാനില്‍ നിന്ന് പിരിഞ്ഞാണ് ദക്ഷിണ സുഡാൻ രൂപവത്കൃതമായത്. സുഡാനിന്‍റെ ദക്ഷിണ മേഖലയില്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷം. സുഡാനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി ദക്ഷിണ സുഡാന്‍ മേഖല പ്രക്ഷോഭം നടത്തിയിരുന്നു. 2013ല്‍ ദക്ഷിണ സുഡാനില്‍ ആഭ്യന്തര യുദ്ധം ഉണ്ടായപ്പോള്‍ നഷ്ടമായത് നാല് ലക്ഷത്തോളം ജീവനുകളാണ്. തുടര്‍ന്ന് സമാധാന കരാര്‍ ഒപ്പുവെക്കുകയും ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനം ആവുകയുമായിരുന്നു.