മോസ്കോ: ലോകത്തെ ഞെട്ടിച്ച കൊവിഡ് -19 മഹാമാരിക്കെതിരെ ആദ്യ വാക്സിന്‍ പുറത്തിറക്കി റഷ്യ. വാക്സിന്‍ മകള്‍ക്ക് കുത്തിവെച്ചെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിച്ചിരുന്നു. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ റഷ്യൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. ഇതോടെ വാക്സിന്‍ റഷ്യ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു.
ധാരാളം എതിര്‍പ്പുകള്‍ക്കിടയിലാണ് റഷ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കാമെന്ന് റഷ്യയിലെ തന്നെ ഒരു കൂട്ടം വൈറോളോജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുകാരണം ലോകാരോഗ്യ സംഘടനയും ആശങ്കയിലാണ്. അമേരിക്കയും ചൈനയുമായി മത്സരിക്കാൻ പ്രാപ്തിയുള്ള ഒരു ആഗോള ശക്തിയായി റഷ്യയുടെ പ്രതിച്ഛായ വാക്‌സിൻ പരീക്ഷണത്തോടെ മാറുമോയെന്ന് കാണാം.
ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡുട്ടെർട്ട് വിശ്വാസത്തിന്‍റെയും നന്ദിയുടെയും സൂചകമായി റഷ്യയുടെ വാക്‌സിൻ അംഗീകരിച്ചതായി അറിയിച്ചു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ഇതൊരു പ്രചോദനം ആവുമെന്നുറപ്പാണ്. വാക്‌സിന്‍റെ വ്യാവസായിക ഉൽപാദനം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രി തത്യാന ഗോലിക്കോവ അറിയിച്ചു. ഒക്ടോബർ ആദ്യം മുതൽ വൻതോതിൽ വാക്സിനേഷൻ ആരംഭിക്കും.
ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിൻ എന്ന നിലയിൽ എല്ലാ സർക്കാർ മേഖലകളിൽ നിന്നും പ്രശംസകൾ ലഭിക്കുകയാണ്. വാക്സിനുകൾ ഉൾപ്പെടെയുള്ള വിവിധ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ സമയപരിധി കുറക്കാൻ ഏപ്രിലിൽ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ സംസ്ഥാന അധികാരികളോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ റഷ്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് മെയ് അവസാനം ആശങ്ക ഉന്നയിച്ചു. എന്നാൽ താനും മറ്റ് ഗവേഷകരും സ്വയം വാക്സിൻ പരീക്ഷിച്ചുവെന്ന് ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പ്രൊഫസർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. ജൂൺ 17ന് 76 സന്നദ്ധപ്രവർത്തകരിലാണ് വാക്‌സിൻ പരീക്ഷണം ആരംഭിച്ചത്.