കൂടത്തായി കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും - കൂടത്തായി കൊലപാതക കേസ്
പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയും താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ. രണ്ടാം പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കില്‍ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തും. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളുള്ള കേസായതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.