മലയാള സിനിമാസ്വാദകർക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ (Kamal). അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിവേകാനന്ദന്‍ വൈറലാണ്' (Vivekanandan Viralanu). ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നായകനാകുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിന് പാക്കപ്പായ വിവരം ഷൈന്‍ ടോം ചാക്കോ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചു. അണിയറ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ പ്രമേയവൽക്കരിക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് നിർമിക്കുന്നത്. വിവേകാനന്ദൻ എന്ന സര്‍ക്കാര്‍ ജീവനക്കാരനായ ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന അഞ്ച് സ്‌ത്രീകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് 'വിവേകാനന്ദൻ' എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്.
പല രീതികളിലും സാഹചര്യങ്ങളിലും പലപ്പോഴായി വിവേകാനന്ദന്‍റെ ജീവിതത്തിലേക്ക് അഞ്ച് സ്‌ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ ഈ ചിത്രം പറയുന്നത്. ഒപ്പം സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്കും 'വിവേകാനന്ദന്‍ വൈറലാണ്' വെളിച്ചം വീശുന്നു. മലയാള സിനിമയ്‌ക്ക് എക്കാലും ഓര്‍ത്തു വയ്‌ക്കാന്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഭാവനാസമ്പന്നനായ സംവിധായകന്‍റെ പുതിയ ചിത്രം ഗൗരവമേറിയ ഒരു വിഷയത്തെ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ്.