ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനാകുന്ന 'ജവാൻ' (Jawan). അറ്റ്ലി (Atlee) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു. 'ജവാന്‍റെ' നിർമാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് (Red Chillies Entertainment) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഈ ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ ചൂടൻ ചര്‍ച്ചകൾക്കും വഴിവച്ചിരുന്നു.
ഒരു കഥാപാത്രത്തിന്‍റെ കണ്ണുകളുടെ ചിത്രമാണ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പങ്കുവച്ചത്. 'അയാള്‍ നിങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്, അയാള്‍ക്ക് വേണ്ടി കാത്തിരിക്കുക', എന്ന് മാത്രമാണ് 'ജവാന്‍' എന്ന ഹാഷ് ടാഗിനൊപ്പം നിർമാതാക്കൾ കുറിച്ചത്. ഇതിന് പിന്നാലെ ആ കണ്ണുകൾ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമവും ആരാധകർ ആരംഭിച്ചിരുന്നു.
ചിലർ വിജയ് സേതുപതിയാണ് (Vijay Sethupathi) ഇതെന്ന കണ്ടെത്തലുകളിലേക്കും എത്തി. ഇപ്പോഴിതാ പ്രേക്ഷകരുടെ ഊഹം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രൗദ്രമേറിയ കണ്ണുകൾക്ക് പിന്നിലെ തമിഴകത്തിന്‍റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മുഖം നിർമാതാക്കൾ പുറത്തുവിട്ടു. കൂളിംഗ് ഗ്ലാസ് വച്ച് തീർത്തും മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ ഉള്ളത്.
'മരണത്തിന്‍റെ വ്യാപാരി' ടാഗ്‌ലൈനോടെ എത്തിയ സേതുപതിയുടെ ക്യാരക്‌ടർ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. ഷാരൂഖ് ഖാനും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 'അവനെ തടയാൻ ഒന്നുമില്ല... അതോ ഉണ്ടോ?', എന്ന് കുറിച്ചുകൊണ്ടാണ് കിങ് ഖാൻ പോസ്റ്റർ പങ്കുവച്ചത്. ഏതായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോർക്കുന്ന കഥാപാത്രമാകും വിജയ് സേതുപതിയുടേതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.