ജാൻവി കപൂറും (Janhvi Kapoor) വരുൺ ധവാനും (Varun Dhawan) ഒന്നിക്കുന്ന റൊമാന്‍റിക് ചിത്രം 'ബവാലി'ലെ (Bawaal) രണ്ടാമത്തെ ഗാനം പുറത്ത്. 'ദിൽ സേ ദിൽ തക്' (Dil Se Dil Tak) എന്ന ഗാനമാണ് നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വരുണും ജാൻവിയും ഒരുമിച്ചെത്തുന്ന ഗാനം ആസ്വാദക ഹൃദയം കീഴടക്കുകയാണ്.
നിതീഷ് തിവാരി (Nitesh Tiwari) ആണ് ബവാൽ സംവിധാനം ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഥൂന്‍റെ (Mithoon) സംഗീതത്തില്‍ അർജിത് സിങ് (Arijit Singh ) ആലപിച്ച 'തുമെ കിത്‌ന പ്യാർ കർത്തെ' (Tumhe Kitna Pyaar Karte song) എന്ന ഗാനമാണ് ബവാലിലേതായി ആദ്യം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുതിയ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് 31 ലക്ഷത്തിലേറെ ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടത്.
പാരിസിൽ പൂവിടുന്ന നായകന്‍റെയും നായികയുടെയും പ്രണയമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൗസർ മുനീറിന്‍റെ വരികൾക്ക് മനോഹരമായി ഈണം പകർന്നിരിക്കുന്നത് ആകാശ്‌ദീപ് സെൻഗുപ്‌ത (Akashdeep Sengupta) ആണ്. ലക്ഷയ് കപൂറും സുവർണ തിവാരിയും (Laqshay Kapoor and Suvarna Tiwari) ചേർന്നാണ് ആലാപനം. നടി ജാൻവി കപൂർ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഗാനം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ജൂലൈ 21ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് (Prime Video India) സിനിമയുടെ റിലീസ്. ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ് (Sajid Nadiadwala). ദേശീയ അവാർഡ് ജേതാക്കളായ നിതേഷ് തിവാരിയും സാജിദ് നദിയാദ്‌വാലയും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറുകയാണ്. അശ്വിനി അയ്യർ തിവാരി (Ashwiny Iyer Tiwari) ചിത്രത്തിന്‍റെ കോ - പ്രൊഡ്യൂസറാണ്.