ഹൈദരാബാദ് :അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ (Narendra Modi Stadium in Ahmedabad) വച്ച് തന്‍റെ ഫോൺ നഷ്‌ടപ്പെട്ടതായി നടി ഉർവശി റൗട്ടേല (Urvashi Rautela Lost 24 carat Gold iPhone). ശനിയാഴ്‌ച ഇന്ത്യയും പാകിസ്ഥാനും ( India vs Pakistan World Cup 2023 match) തമ്മിലുള്ള ഐതിഹാസിക ലോകകപ്പ് മത്സരം വീക്ഷിക്കാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു താരം. ഇതിനിടെയാണ് തന്‍റെ ഐഫോൺ നഷ്‌ടമായതെന്ന് ഉർവശി റൗട്ടേല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
24 കാരറ്റ് സ്വർണ ഐഫോൺ ആണ് നഷ്‌ടമായത്. അതേസമയം ഫോൺ കണ്ടെത്താൻ സഹായിക്കണമെന്ന് തന്‍റെ ആരാധകരോട് താരം പോസ്റ്റിൽ അഭ്യർഥിച്ചു. 'അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ച് എന്‍റെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്‌ടപ്പെട്ടു!. ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി, എത്രയും വേഗം എന്നെ ബന്ധപ്പെടൂ! #LostPhone #AhmedabadStadium #HelpNeeded #indvspak' ഉർവശി പോസ്റ്റിൽ കുറിച്ചു.
ഒപ്പം നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെയും അഹമ്മദാബാദ് പൊലീസിന്‍റെയും സോഷ്യൽ മീഡിയ ഹാൻഡിലുകളും താരം പോസ്റ്റിൽ ടാഗ് ചെയ്‌തു. ഫോൺ കണ്ടെത്തുന്നതിന് സഹായിക്കാൻ കഴിയുന്നവരെ ടാഗ് ചെയ്യാനും അവർ പോസ്റ്റിൽ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്‌ചയാണ് (ഒക്‌ടോബർ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ - പാകിസ്ഥാൻ ലോകകപ്പ് മത്സരം അരങ്ങേറിയത്. നേരത്തെ സ്റ്റേഡിയത്തിലേക്ക് പോകുന്നതിന്‍റെ വീഡിയോ ഉർവശി പങ്കുവച്ചിരുന്നു. മത്സരത്തിനുള്ള ടിക്കറ്റ് കൈയ്യിൽ പിടിച്ചുള്ള വീഡിയോയാണ് താരം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നീട് മത്സരത്തിനിടെ പകർത്തിയ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു.