മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ, ടെലിവിഷൻ അവതാരകൻ, ചലച്ചിത്ര താരം ഡോ. ഷൈൻ കുമാറിന് വിശേഷണങ്ങൾ അനേകമാണ്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നതിലുപരി കഴിഞ്ഞ 20 വർഷമായി ടെലിവിഷൻ അവതാരകനായി മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഡോ. ഷൈൻ കുമാർ. തന്‍റെ ഓർമകളും അനുഭവങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.
മൃഗ വൈദ്യശാസ്‌ത്രമാണ് തൊഴിലെങ്കിലും കലയോട് ഡോ. ഷൈൻകുമാറിന് അടങ്ങാത്ത അഭിനിവേശമാണ്. 20 വർഷം മുമ്പ് ദൂരദർശനിൽ മൃഗസംരക്ഷണ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ഒരു ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്തതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ അച്ചടി മാധ്യമ രംഗത്ത് ഷൈൻകുമാർ സജീവമായിരുന്നു.
ദൂരദർശനിലെ പരിപാടിയിൽ പങ്കെടുത്തതോടെ ഒരു ടെലിവിഷൻ അവതാരകനാകണം എന്ന മോഹം മനസിൽ ഉദിച്ചു. ദൂരദർശനിലെ ഒരു ഉദ്യോഗസ്ഥനോട് തന്നെ ഈ ആവശ്യം അറിയിച്ചു. ടെലിവിഷൻ അവതാരകൻ ആകുന്നതിന്‍റെ അളവുകോൽ അക്കാലത്ത് മുഖ സൗന്ദര്യവും ശാരീരിക ഘടനയും കൂടി ആണെന്നത് ആദ്യം അൽപമൊന്ന് തളർത്തിയെന്ന് ഡോക്‌ടർ പറയുന്നു.
പക്ഷേ വാക്‌ചാതുര്യത്തോടെ സംസാരിക്കാനും ജനങ്ങളെ കയ്യിലെടുക്കാനും തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് വാനോളം ഉണ്ടായിരുന്നു. ഒടുക്കം രണ്ടും കൽപ്പിച്ച് മുന്നോട്ട് പോകാൻ തന്നെ നിശ്‌ചയിച്ചുറപ്പിച്ചു. താൻ അതിഥിയായി എത്തിയ അതേ ലൈവ് ഷോയിൽ ദിവസങ്ങൾക്കപ്പുറം അക്കാലത്ത് മന്ത്രിയായിരുന്ന സി ദിവാകരനെ പങ്കെടുപ്പിച്ചുകൊണ്ട് അവതാരകനായി അരങ്ങേറ്റം കുറിച്ചു.
ഒരു തുടക്കക്കാരന്‍റെ യാതൊരു പതർച്ചയും ഇല്ലാതിരുന്നതിനാൽ പിന്നീട് അവസരങ്ങൾക്ക് പഞ്ഞമുണ്ടായില്ല. ദൂരദർശൻ, കൗമുദി ടിവി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലൂടെ കാർഷിക പരിപാടികൾ അവതരിപ്പിച്ചും സംവിധാനം ചെയ്‌തും 20 വർഷങ്ങൾ കടന്നുപോയി. കാർഷിക വിജയഗാഥകളുടെ ആയിരത്തോളം അധ്യായങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.
അക്കൂട്ടത്തിൽ ചില കർഷകരും അധ്യായങ്ങളും ജീവിതത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്തതാണെന്ന് ഡോ. ഷൈൻകുമാർ പറയുന്നു. കാർഷിക പരിപാടികൾക്കിടയിൽ വലിയ തമാശകളും ഉണ്ടായിട്ടുണ്ട്. സമയക്കുറവ് മൂലം ഒരു കർഷകയുടെ ഭർത്താവിനെ പരിപാടിയിൽ ഉൾപ്പെടുത്തണ്ട എന്ന് ക്യാമറ ഓൺ ആയിരിക്കവേ തന്നെ അദ്ദേഹം അറിയാതെ പറഞ്ഞു.
എഡിറ്റിങ്ങിലെ അശ്രദ്ധ കുറവ് കാരണം ആ സംഭാഷണം അതേപടി പരിപാടിയിലൂടെ ടെലികാസ്റ്റും ചെയ്യപ്പെട്ടു. കർഷകയുടെ ഭർത്താവിനെ പരിപാടിയിൽ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന് ബന്ധുക്കൾ തെറ്റിദ്ധരിച്ചു. ഒരു കുടുംബ കലഹത്തിനുള്ള സാധ്യതയും തെളിഞ്ഞു. പരിപാടി കഴിഞ്ഞ ശേഷം വന്ന ആ കർഷകയുടെ ഫോൺകോൾ ഇന്നും മറക്കാനാകാത്തതാണെന്ന് അദ്ദേഹം ഓർത്തെടുത്തു.
എഴുത്തുകാരൻ എന്ന നിലയിൽ പത്തോളം പുസ്‌തകങ്ങൾ ഡോ. ഷൈൻകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായകൾ സ്‌നേഹമുള്ള കൂട്ടുകാർ, എങ്ങനെ ഫാം തുടങ്ങാം തുടങ്ങി നിരവധി എഡിഷനുകൾ ഉള്ള ജനപ്രിയ പുസ്‌തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളുടെ പബ്ലിക്കേഷനുകളാണ് പുസ്‌തകങ്ങൾ അച്ചടിച്ചിറക്കിയിരിക്കുന്നത്.