എറണാകുളം :ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ (Ravi Teja) 'ടൈഗര്‍ നാഗേശ്വര റാവു' (Tiger Nageswara Rao) എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടുഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ് (Tiger Nageswara Rao Trailer Out- Film Release Scheduled For Dussehra).
ഒക്ടോബര്‍ 20ന് ദസറ (Dussehra) ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. ടൈഗർ അരങ്ങുവാഴുന്ന മോസ്‌റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്‌റ്റുവർട്ട്‌പുരത്തേക്ക് കാഴ്‌ച്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. അധികാരമോഹവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്‍റി-ഹീറോ ആയാണ് സ്‌റ്റുവർട്ട്പുരത്തെ പേരുകേട്ട കള്ളനായ നാഗേശ്വര റാവുവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്‌റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്‍റെ കഥ ഒരു ഘട്ടത്തിൽ അയാളുടെ അറസ്‌റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്‍റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്‍റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നുകാണാൻ സാധിക്കുക.
രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ തന്നെയാണ്. മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിന് പേരുകേട്ട ബാനറാണ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. ഇതേ നിര്‍മ്മാണ കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്‌റ്ററുകളായ കശ്‌മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.