കണ്ടുശീലിച്ച പതിവ് പൊലീസ് കഥകളില്‍ നിന്ന് ഗതി മാറി, വേറിട്ട ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം 'തണ്ടാട്ടി ദി സ്റ്റോറി ഓഫ് ഗോൾഡ്' (Thandatti The Story of Gold) ഒടിടിയിലേക്ക്. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 'തണ്ടാട്ടി' ജൂലൈ 14ന് പ്രൈം വീഡിയോയിൽ (Prime Video) റിലീസ് ചെയ്യും.
പ്രൈം വീഡിയോ ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "എല്ലാ മുന്നറിയിപ്പുകളും ധിക്കരിക്കുന്ന, നിർത്താതെയുള്ള ചിരി ഉറപ്പുനൽകുന്ന ഒരു യാത്രയ്‌ക്കായി അണിചേരൂ- എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രൈം വീഡിയോ ഇന്ത്യ ട്വിറ്ററിൽ പ്രഖ്യാപിച്ചത്. രാം സംഗയ്യയാണ് നർമത്തില്‍ ചാലിച്ച് ഒരുക്കിയ ഈ ചിത്രത്തിന്‍റെ സംവിധായകൻ. പശുപതി (Pasupathy), രോഹിണി (Rohini), അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു മുത്തശ്ശിയെ കാണാതായതുമായി ബന്ധപ്പെട്ട കേസ് പരിഹരിക്കാൻ ശ്രമിക്കുന്ന സുബ്രമണി എന്ന പൊലീസുകാരനെ ചുറ്റിപ്പറ്റിയാണ് 'തണ്ടാട്ടി' സഞ്ചരിക്കുന്നത്. പിന്നീട് സുബ്രമണി ഒരു കുഴപ്പത്തിൽ കുടുങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു. ഉല്ലാസകരമായ വഴിത്തിരിവിലേക്ക് കാര്യങ്ങൾ വഴിമാറുമ്പോൾ പ്രേക്ഷകരും ആവേശത്തിലാവുന്നു. പശുപതിയാണ് ചിത്രത്തില്‍ സുബ്രമണി എന്ന പൊലീസ് കഥാപാത്രത്തിന് ജീവൻ പകരുന്നത്.
പ്രിൻസ് പിക്‌ചേഴ്‌സ് ആണ് ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ കോമഡി ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത്. മഹേഷ് മുത്തുസ്വാമിയുടെ ഛായാഗ്രഹണവും ശിവാനന്ദീശ്വരന്‍റെ എഡിറ്റിങും എടുത്തു പറയേണ്ടതാണ്. കെ എസ് സുന്ദരമൂർത്തിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.