ബെംഗളൂരു: ടിഡിപി നേതാവും തെലുഗു നടനുമായ നന്ദമൂരി താരകരത്‌ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ജനുവരി 27ന് ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ 'യുവഗലം' പദയാത്രയുടെ ഉദ്ഘാടനത്തിനിടെ താരകരത്ന കുഴഞ്ഞുവീഴുകയായിരുന്നു.
പദയാത്രക്കിടെ ബോധരഹിതനായ അദ്ദേഹത്തെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലെത്തിക്കുകയും മികച്ച ചികിത്സക്കായി ബെംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ 25 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്‍റെ ചെറുമകനായ നന്ദമൂരി താരകരത്‌ന, 1983 ഫെബ്രുവരി 23ന് ഹൈദരാബാദിലാണ് ജനിച്ചത്. താരത്തിന്‍റെ വിയോഗത്തിൽ നിരവധി രാഷ്‌ട്രീയ പ്രമുഖരും ടോളിവുഡ് സെലിബ്രിറ്റികളും അനുശോചനം രേഖപ്പെടുത്തി. പ്രശസ്‌ത തെലുഗു നടൻ ശ്രീ. നന്ദമൂരി താരകരത്‌നയുടെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. സുധാകർ കെ ട്വിറ്ററിൽ കുറിച്ചു. ആന്ധ്രാപ്രദേശ് എംപി കെ രഘു രാമകൃഷ്‌ണ രാജു, നടന്മാരായ ചിരഞ്ജീവി, അല്ലു അർജുൻ, മഹേഷ് ബാബു എന്നിവരും അനുശോചനം രേഖപ്പെടുത്തി.
2003ൽ പുറത്തിറങ്ങിയ 'ഒക്കാറ്റോ നമ്പർ കുരാട്' എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദമൂരി താരകരത്‌ന അഭിനയ രംഗത്തേക്ക് എത്തിയത്. 2009ൽ പുറത്തിറങ്ങിയ 'അമരാവതി' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'താരക്', 'യുവരത്‌ന', 'ഭദ്രാദ്രി രാമുഡു', 'അമരാവതി', 'നദീശ്വരുഡു', 'എടുരു', , എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചില ചിത്രങ്ങൾ. ഭാര്യ: അലേഖ്യ റെഡ്ഡി