രണ്ടുനാള്‍ മുമ്പ് തനിക്ക് ഹൃദയാഘാതമുണ്ടായെന്നും തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം സുസ്‌മിത സെന്‍. മുന്‍ വിശ്വസുന്ദരി കൂടിയായ സുസ്‌മിത സെൻ വ്യാഴാഴ്‌ച തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏവരും ആരോഗ്യം പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
'ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റി ചെയ്‌തു' ; വെളിപ്പെടുത്തി സുസ്‌മിത സെൻ - വിവരം പുറത്തുവിട്ട് സുസ്‌മിത സെൻ
രണ്ടുദിവസം മുമ്പ് തനിക്ക് ഹൃദയാഘാതമുണ്ടായെന്നും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയാകേണ്ടി വന്നതായും ബോളിവുഡ് താരം സുസ്‌മിത സെൻ. വ്യാഴാഴ്‌ച ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വെളിപ്പെടുത്തല്‍.
ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും' (എൻ്റെ പിതാവ് സെൻ സുബിർൻ്റെ വാക്കുകൾ). 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്‌തു. സ്റ്റെൻ്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, എനിക്ക് വലിയ ഹൃദയമുണ്ടെന്ന് കാർഡിയോളജിസ്റ്റ് സ്ഥിരീകരിച്ചു. സമയോചിതമായി എന്നെ സഹായിച്ചതിന് ഒരുപാട് ഒരുപാടാളുകളോട് നന്ദി പറയുന്നു. ഈ പോസ്റ്റ് എൻ്റെ പ്രിയപ്പെട്ടവരെ ഈ സന്തോഷവാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണ്. എല്ലാം ശുഭമാണ്, ഞാൻ വീണ്ടും മുന്നോട്ടുള്ള ജീവിതത്തിന് തയ്യാറാണ്' - താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തബു, പൂനം ധില്ലൻ, സോഫി ചൗദ്രി എന്നിങ്ങനെ സഹപ്രവർത്തകർ നടിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തി. 'ഒരുപാട് സ്‌നേഹം സൂപ്പർ ഗേൾ' തബു സുസ്‌മിത സെന്നിൻ്റെ പോസ്റ്റിന് കീഴെ കുറിച്ചു. 'ദൈവം നിനക്ക് എപ്പോഴും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ' - ധില്ലൻ കമൻ്റ് ചെയ്‌തു. ഒരുപാട് പ്രശംസകൾ നേടിയ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സീരീസ് 'ആര്യ' യുടെ മൂന്നാം സീസണിൻ്റെ ഷൂട്ടിംഗിനിടയിലാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 2014-ൽ സെന്നിന് അഡിസൺസ് ഡിസീസ് എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു.