തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ (Suriya) ഇന്ന് (ജൂലൈ 23) 48-ാം പിറന്നാളിന്‍റെ നിറവിലാണ്. താരത്തിന് പിറന്നാൾ സമ്മാനമായി വരാനിരിക്കുന്ന ചിത്രം 'കങ്കുവ'യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് (Kanguva first glimpse) അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സൂര്യ ആരാധകർക്കും സിനിമാസ്വാദകർക്കും തന്നെ ഇരട്ടി മധുരമായി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും (Kanguva first look) എത്തിയിരിക്കുകയാണ്.
സൂര്യ അവതരിപ്പിക്കുന്ന 'കങ്കുവ' എന്ന നായക കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. 'ഒരു പോരാളി, ഒരു നേതാവ്, ഒരു രാജാവ്' എന്നീ വിശേഷണങ്ങളോടെയാണ് സൂര്യയുടെ 'കങ്കുവ'യെ അണിയറക്കാര്‍ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉൾപ്പടെ ഫസ്റ്റ് ലുക്കിന് ലഭിക്കുന്നത്.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ശിവ (Siva) ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നുമാണ് യഥാർഥത്തിൽ 'കങ്കുവ'യുടെ റേഞ്ച് എത്രമാത്രമാമെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ 'കങ്കുവ' തരംഗം തീര്‍ത്തതിന് പിന്നാലെ ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്‌സും എത്തി.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് 2.21 മിനിട്ട് ദൈർഘ്യമുള്ള ടീസർ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് വീഡിയോയില്‍ സൂര്യ കാഴ്‌ചവച്ചത്. യൂട്യൂബില്‍ ഇതിനകം ഒരു കോടിയിലേറെ കാഴ്‌ചക്കാരെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ സ്വന്തമാക്കിയത്.
ബിഗ് കാന്‍വാസില്‍ എത്തിയ പല ബോളിവുഡ് - ടോളിവുഡ് ചിത്രങ്ങളും വിഎഫ്എക്‌സിന്‍റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുമ്പോള്‍ നിലവാരമുള്ള ദൃശ്യസമ്പന്നത കൈമുതലാക്കിയാണ് ഈ തമിഴ് ചിത്രം എത്തുന്നതെന്ന പ്രതീക്ഷ കൂടി വീഡിയോ നല്‍കുന്നുണ്ട്. 'യുദ്ധം കൊതിക്കുന്ന പോരാളി. അഗ്നിയുടെ ഉദരത്തിൽ നിന്ന് ജനിച്ചവൻ... നമ്മുടെ പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം..' -എന്നിങ്ങനെയാണ് വീഡിയോയില്‍ സൂര്യയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
അത്യുഗ്രൻ മേക്കോവറുമായാണ് സൂര്യ എത്തുന്നത്. സൂര്യയുടെ കരിയരിലെ 42-ാമത്തെ ചിത്രമായ 'കങ്കുവ'യുടെ ഒരു പോസ്റ്ററും അണിയറക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈ നിറയെ അടയാളങ്ങളുമായി വാള്‍ പിടിച്ചുനില്‍ക്കുന്ന സൂര്യയുടെ കഥാപാത്രമായിരുന്നു പോസ്‌റ്ററില്‍. 'ദി മാന്‍, ദി വൈല്‍ഡ്, ദി സ്‌റ്റോറി' എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ എത്തിയത്. 'ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു' - എന്ന് കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ പോസ്‌റ്റര്‍ പങ്കുവച്ചത്.
ബോളിവുഡ് താരം ദിഷ പടാനിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ത്രീഡിയിലും 2 ഡിയിലും ഒരുങ്ങുന്ന 'കങ്കുവ' 2024ലാണ് റിലീസ് ചെയ്യുക. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദ്, സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വെട്രി പളനിസ്വാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കും. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക ദേവിശ്രീ പ്രസാദാണ്.
READ ALSO:'പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം' ; അഗ്നിയുടെ ഉദരത്തില്‍ നിന്ന് ജനിച്ച പോരാളി ; കങ്കുവ ടീസറില്‍ ഞെട്ടിച്ച് സൂര്യ