ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 'അടിത്തട്ട്' (Adithattu) എന്ന സിനിമയ്‌ക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്. ജിജോ ആന്‍റണി (Jijo Anthony) സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ സണ്ണി വെയ്‌നും (Sunny Wayne) ഷൈൻ ടോം ചാക്കോയും (Shine Tom Chacko) ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ സണ്ണി വെയ്‌ൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്‍റെ നിറവിൽ നിൽക്കുന്ന 'അടിത്തട്ടി'ലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് എഴുതിയിരിക്കുകയാണ് സണ്ണി വെയ്ൻ. ഫേസ്‌ബുക്കിലൂടെ ആണ് താരത്തിന്‍റെ പ്രതികരണം. കടലിന്‍റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന ‘മാർക്കോസ്’ തന്നെ ഏറെ വേട്ടയാടിയ കഥാപാത്രമാണെന്ന് സണ്ണി വെയ്ൻ ഫേസ്‌ബുക്കിൽ കുറിച്ചു.
പകയും പ്രതികാരവും ഇത്രത്തോളം മനോഹരമാക്കിയ മറ്റൊരു സിനിമ സമീപകാലത്ത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ലെന്നും 'അടിത്തട്ട്' വ്യത്യസ്‌തമാകുന്നത് അവിടെയാണെന്നും അദ്ദേഹം എഴുതി. സംവിധായകൻ ജിജോ ആന്‍റണിക്കും സംഘത്തിനും ഒപ്പം പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് സണ്ണി വെയ്‌ൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സണ്ണി വെയ്‌ന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കടലിന്‍റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന 'മാർക്കോസ്' എന്നെ ഏറെ വേട്ടയാടിയ കഥാപാത്രമാണ്... പകയും പ്രതികാരവും ഇത്രത്തോളം മനോഹരമാക്കിയ മറ്റൊരു സിനിമ സമീപകാലത്ത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ല.. 'അടിത്തട്ട്' വ്യത്യസ്‌തമാകുന്നത് അവിടെയാണ്... സംവിധായകൻ ജിജോ ആന്‍റണിക്കും സംഘത്തിനും നന്ദി... ഒപ്പം എന്നെ സ്‌നേഹിക്കുന്ന, പിന്തുണയ്‌ക്കുന്ന, ചേർത്ത് നിർത്തുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി...'അടിത്തട്ടി'നെ മികച്ച സിനിമയായി തെരഞ്ഞെടുത്ത ജൂറിക്ക് പ്രത്യേക നന്ദി..!