മുംബൈ: ഇന്ത്യൻ സിനിമ ലോകവും കിങ് ഖാന്‍റെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാൻ'. ചിത്രം 2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി നീട്ടി എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സെപ്റ്റംബർ ഏഴിന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ അറിയിപ്പ്.
തന്‍റെ സിനിമയെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്നും ആരാധകർക്കിടയിൽ എങ്ങനെ സംഭാഷണ വിഷയമാക്കാമെന്നും നന്നായി അറിയാവുന്ന ആളാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻ-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം അനൗൺസ് ചെയ്‌തത് മുതൽ ആരാധകർക്കിടയിൽ ചർച്ച ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ജവാന്‍റെ റിലീസ് തിയതി മാറ്റി എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതിന് പിന്നാലെ പരാതിയുമായി ഷാരൂഖ് ഖാന്‍റെ ആരാധകരെത്തി.
പോസ്റ്ററിൽ തങ്ങളുടെ പ്രിയ താരത്തിന്‍റെ മുഖം കാണാനാകുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. എന്നാൽ, ആരാധകരുടെ പരാതിയെല്ലാം തീർത്ത് രംഗത്തെത്തിയിരിക്കുകയാണ് കിങ് ഖാൻ. ഒരു മോണോക്രോം ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ അലസമായ തലമുടിയുമായി ചുമരിനടുത്ത് നിൽക്കുന്ന ചിത്രമാണ് താരം ആരാധർക്കായി നൽകിയത്.
ചിത്രത്തോടൊപ്പം രസകരമായ അടിക്കുറിപ്പ് നൽകാനും ഷാരൂഖ് മറന്നില്ല. 'എല്ലാവർക്കും നന്ദി, ചിലർ പറഞ്ഞു പോസ്റ്ററിൽ എന്‍റെ മുഖം വ്യക്തമല്ലെന്ന്. അതുകൊണ്ട് ഞാൻ എന്‍റെ മുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്. സെപ്റ്റബർ ഏഴിന് തിയേറ്ററിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു', എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഷാരൂഖിന്‍റെ പോസ്റ്റ് സെലിബ്രിറ്റികളിൽ നിന്നും ആരാധകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങൾ നേടി. പോസ്റ്റിന്‍റെ കമന്‍റ് ബോക്‌സ് ഫയർ ഇമോജികളും ഹാർട്ട് ഇമോജികളും കൊണ്ട് നിറഞ്ഞു.
ജവാൻ വൈകും, റിലീസ് തിയതി നീട്ടി : ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രമായ 'ജവാൻ'. 2022 ജൂൺ 2ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി മാറ്റുകയായിരുന്നു. റിലീസ് മാറ്റിവച്ചതിന്‍റെ കാരണങ്ങൾ വ്യക്തമല്ല. സെപ്റ്റംബർ ഏഴിന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ അറിയിപ്പ്. ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളുള്ള ഒരു ഇവന്‍റ് ഫിലിം എന്ന നിലയിലാണ് ചിത്രം കണക്കാക്കപ്പെടുന്നത്. ഷാരൂഖിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റാണ് നിർമാണം. 2022 ജൂണിൽ എസ്‌ആർകെ ചിത്രത്തിന്‍റെ ടീസർ അനാച്ഛാദനം ചെയ്‌തിരുന്നു.
തെന്നിന്ത്യൻ താരങ്ങളായ നയൻതാര, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ദീപിക പദുകോണും സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തും. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്റുകളിലേക്ക് എത്തുക. നയൻതാര ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പഠാന്‍റെ വൻ വിജയത്തിന് ശേഷം പുറത്തുവരുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് 'ജവാൻ'.
Also read :പഠാന് ശേഷം 'ജവാൻ'; അറ്റ്‌ലി ചിത്രത്തിനായി ഷാരൂഖ് ഖാൻ ചെന്നൈയില്‍, വൈറലായി ദൃശ്യങ്ങൾ