കേരളം

kerala

ETV Bharat / entertainment

മനസിലെന്നും മായാതെ 'ചിത്ര'ഗാനമധുരം' : അറുപതാം പിറന്നാൾ നിറവ് - ks chithra malayalam songs

സംഗീതാസ്വദകരുടെ ഹൃദയം കീഴടക്കിയ, അവരുടെ ജീവിതം ധന്യമാക്കിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്ര 60ന്‍റെ നിറവിൽ. എങ്ങനെ മറക്കും ആ സ്വരമാധുര്യം.

singer KS Chithra birthday  singer KS Chithra 60th birthday  singer KS Chithra  KS Chithra  മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്ര  മലയാളത്തിന്‍റെ വാനമ്പാടി  കെഎസ് ചിത്ര  കെ എസ് ചിത്ര 60ന്‍റെ നിറവിൽ  60ന്‍റെ നിറവിൽ കെഎസ് ചിത്ര  ks chithra malayalam songs  ks chithra birthday
KS Chithra

By

Published : Jul 26, 2023, 10:54 PM IST

Updated : Jul 27, 2023, 9:41 AM IST

പാട്ടിനോളം നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്...? ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും ചില ഗാനങ്ങള്‍. ചിലരുടെ ശബ്‌ദമാകട്ടെ ലഹരിപോലെ വിടാതെ പിന്തുടരുകയും ചെയ്യും. അത്തരത്തില്‍ മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സംഗീതാസ്വദകരുടെയും ഹൃദയം കീഴടക്കിയ, അവരുടെ ജീവിതം ധന്യമാക്കിയ, ഒരു ശബ്‌ദമുണ്ട്. പകരം വയ്‌ക്കാനില്ലാത്ത സ്വരമാധുര്യത്തിന്‍റെ ഉടമ, മലയാളത്തിന്‍റെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്ര. 60 ആം പിറന്നാളിന്‍റെ നിറവിലാണ് അവർ. 60 വയസിന്‍റെ ചെറുപ്പത്തിലും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയെ ആശംസകൾ കൊണ്ട് മൂടുകയാണ് സംഗീത ലോകവും ആരാധകരും.

തലമുറകളുടെ സംഗീതാസ്വാദനത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു ഗായിക ഉണ്ടോയെന്ന് സംശയമാണ്. മലയാളികൾക്ക് അഭിമാനത്തിന്‍റെ മറ്റൊരു പേര് കൂടിയാണ് കെഎസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍, ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം.

കെഎസ് ചിത്ര

വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു ദിനം പോലും മലയാളിക്കില്ല എന്നതില്‍ തർക്കമുണ്ടാകില്ല.

ഇന്നും ആസ്വാദകരുടെ ഹൃദയത്തിലേക്ക് വാനമ്പാടി പാടിയൊഴുകുകയാണ്. പ്രണയവും വിരഹവും വിഷാദവും ആനന്ദവും എന്നിങ്ങനെ പല ഭാവങ്ങളിൽ അത് ഉറവ വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. വിനയത്തിന്‍റെ രാഗപൗർണമിയാണ് ചിത്ര. അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നാമറിയാതെ നമ്മുടെ ജീവിതത്തിന്‍റെ തന്നെ താളമായി.

മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്ര

ഒരു ഗായിക പിറക്കുന്നു: മലയാളത്തിന്‍റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത്. 1979 ൽ 'അട്ടഹാസം' എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്‌ണന്‍റെ സംഗീതത്തില്‍ 'ചെല്ലം ചെല്ലം...' പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജൻ സംവിധാനം നിർവഹിച്ച 'നവംബറിന്‍റെ നഷ്‌ടം' എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എം.ജി. രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള 'അരികിലോ അകലെയോ...' എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത് തന്‍റെ കാൽപ്പെരുമാറ്റം കേൾപ്പിച്ചു. പിന്നീട് മലയാള ഗാനരംഗത്തെ, ഇന്ത്യയിലെ തന്നെയും അതുല്യ പ്രതിഭകളിൽ ഒരാളായി ചിത്ര മാറുന്നതാണ് നാം കണ്ടത്.

'ഞാൻ ഏകനാണ്' എന്ന ചിത്രത്തിനായി സത്യൻ അന്തിക്കാട് രചിച്ച് എംജി രാധാകൃഷ്‌ണൻ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനം ചിത്രയുടെ ആദ്യ സോളോ ഹിറ്റ് ആയി മാറി. 1983ൽ പുറത്തിറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ ചിത്ര തിരക്കുള്ള ഗായികയായി.

ഒരു പഴയകാല ചിത്രം

യേശുദാസിനൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുത്തതോടെ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തില്‍ തിരക്കേറുകയായിരുന്നു. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച 'നീ താനേ അന്നക്കുയിൽ' എന്ന ചിത്രത്തിൽ പാടിയതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്തും പിന്നീടങ്ങോട്ട് ചിത്ര നിറ സാന്നിധ്യമായി. ഇന്ത്യയിലെ തന്നെ സുവർണ ശബ്‌ദമായാണ് ചിത്ര വിലയിരുത്തപ്പെടുന്നത്. രവീന്ദ്രൻ മാഷ്, സലീൽ ചൗധരി, എംകെ അർജുനൻ മാസ്റ്റർ, മോഹൻസിത്താര, ഔസേപ്പച്ചൻ, വിദ്യാസാഗർ. എആർ റഹ്‌മാൻ എന്നിങ്ങനെ സംഗീത ലോകത്തെ പ്രഗൽഭരുടെ ഈണങ്ങൾക്കൊക്കെയും ശബ്‌ദം പകരാൻ ചിത്രയ്‌ക്ക് കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ഇതിന് പുറമെ ഏഴായിരത്തോളം മറ്റ് ഗാനങ്ങൾക്കും ചിത്ര ശബ്‌ദമായി. തമിഴ്‌നാട്ടിൽ 'ചിന്നക്കുയിൽ' എന്നും ആന്ധ്ര പ്രദേശില്‍ 'സംഗീത സരസ്വതി' എന്നും കന്നഡയില്‍ 'കന്നഡ കോകില' എന്നും വിശേഷണമുള്ള ഗായികയാണ് സംഗീത ലോകത്ത് ചിത്രപൂർണിമായി വിരാജിക്കുന്ന ചിത്ര. ജന്മവാസനകൊണ്ട് മാത്രം ഉയർന്നുവന്ന ആളാണ് ചിത്രയെന്ന് പറഞ്ഞത് സാക്ഷാൽ യേശുദാസാണ്. സംഗീതവും ജീവിതവും രണ്ടല്ല ചിത്രയ്‌ക്ക്.

ഗാനഗന്ധർവൻ യേശുദാസിനൊപ്പം ചിത്ര

സംഗീത കുടുബത്തില്‍ ജനനം:സംഗീതവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു കെഎസ് ചിത്രയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്‌ണന്‍ നായർ. അമ്മ അധ്യാപികയായ ശാന്തകുമാരി.

സംഗീതത്തിനൊപ്പം ജീവിച്ച അച്ഛനും വീണ വായനയില്‍ ഏറെ കമ്പമുള്ള അമ്മയും ചിത്രയുടെ കരുത്തായിരുന്നു. പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന സഹോദരി കെഎസ് ബീനയും ഗിറ്റാർ വിദഗ്‌ധനായ സഹോദരൻ കെഎസ് മഹേഷും അടങ്ങുന്ന കുടുംബാന്തരീക്ഷം ചിത്രയുടെ സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. വീട്ടിലെ ചിട്ടകളാണ് തന്നെ ഗായികയാക്കിയതെന്ന് ചിത്ര തന്നെ ഒരുവേള പറഞ്ഞിട്ടുണ്ട്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് നാമം ജപിക്കുന്നതും പഠിച്ച കീര്‍ത്തനങ്ങള്‍ തെറ്റുകൂടാതെ, സ്‌ഫുടതയോടെ പാടിക്കേള്‍പ്പിക്കുന്നതുമെല്ലാം തന്‍റെ ദിനചര്യയുടെ ഭാഗമായിരുന്നു എന്നും ചിത്രയുടെ വാക്കുകൾ. അച്ഛൻ ആയിരുന്നു സംഗീതത്തിലെ ചിത്രയുടെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ ചിത്ര കർണാടക സംഗീതം അഭ്യസിച്ചു. എൻജിനിയറായ വിജയശങ്കർ ആണ് ചിത്രയുടെ ഭർത്താവ്.

കെഎസ് ചിത്ര 60ന്‍റെ നിറവിൽ

തേടിയെത്തിയത് എണ്ണമറ്റ പുരസ്‌കാരങ്ങൾ:ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതുവരെ ചിത്രയെ തേടിയെത്തിയത്. 'പാടറിയേ പഠിപ്പറിയേ' എന്ന 1986ൽ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ആദ്യമായി ചിത്ര ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. 15 കേരള സംസ്ഥാന പുരസ്‌കാരങ്ങളും ഈ സംഗീത യാത്രയ്‌ക്കിടെ ചിത്രയുടെ ഒപ്പം കൂടി. കൂടാതെ തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഒഡിഷ സർക്കാരുകളുടെയും പുരസ്‌കാരങ്ങൾ പലപ്പോഴായി ചിത്രയെ തേടിയെത്തി. 2005ൽ പത്മശ്രീ പുരസ്‌കാരവും 2021ൽ പത്മഭൂഷൺ പുരസ്‌കാരവും നൽകി രാജ്യം മലയാളത്തിന്‍റെ വാനമ്പാടിയെ ആദരിച്ചു.

എത്രയോ ബാല്യ, കൗമാര, യൗവനങ്ങളെ തലോടി, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഒഴുകുക്കൊണ്ടിരിക്കുന്ന സ്വര മാധുര്യമാണ് ചിത്ര. 60ന്‍റെ നിറവിലും മിനുക്കും തോറും കൂടുതൽ പ്രഭ ചൊരിയുന്ന വിളക്ക് പോലെ സംഗീത പ്രേമികളുടെ ഉള്ളില്‍ തെളിഞ്ഞ് കത്തുകയാണ് അവർ. ഇനിയും നമ്മുടെ കാതുകളിലേക്ക് കെഎസ് ചിത്ര കടന്നുവരും, അനേകായിരം പാട്ടുകളായി.

ALSO READ:'അന്ന് എനിക്കുവേണ്ടി അദ്ദേഹം ആ പാട്ടുപാടി, മറക്കാനാകാത്ത അനുഭവം, വലിയ അംഗീകാരം'; എസ്‌പിബിയെക്കുറിച്ച് കെഎസ് ചിത്ര

Last Updated : Jul 27, 2023, 9:41 AM IST

ABOUT THE AUTHOR

...view details