ബോളിവുഡിനൊപ്പം തെന്നിന്ത്യയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനാകുന്ന 'ജവാൻ' (Jawan). ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ അറ്റ്‍ലി (Atlee Kumar) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് (Nayanthara) നായികയായി എത്തുന്നത്. ഒപ്പം വിജയ് സേതുപതിയും (Vijay Sethupathi) 'ജവാനി'ല്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതിയോടുള്ള സ്‌നേഹം ഒരു ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.
കിങ് ഖാന്‍റെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് 'ജവാൻ' സിനിമയുടെ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിജയ് സേതുപതിയും ചിത്രത്തിന്‍റെ ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ഷാരൂഖ് സഹ താരമായ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.
'സർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻപാ'- എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തുന്ന, അവരുടെ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
കിടിലം മേക്കോവർ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ ഷാരൂഖ് ഖാൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞെന്ന് പറയാം. 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ പ്രിവ്യു (ട്രെയിലർ) വില്‍ മാസായി വിജയ് സേതുപതിയും നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ജവാൻ'.