ഹൈദരാബാദ്:തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച, കലക്ഷൻ റെക്കോഡുകൾ തകർത്തെറിഞ്ഞ ഷാരൂഖ് ഖാന്‍റെ 'പത്താൻ', 'ജവാൻ' (Shah Rukh Khan's 'Pathaan' and 'Jawan') എന്നീ സിനിമകൾക്ക് ശേഷം ഇപ്പോൾ ബോളിവുഡ് ഉറ്റുനോക്കുന്നത് സൽമാൻ ഖാന്‍റെ (Salman Khan) പുതിയ ചിത്രത്തിലേക്കാണ്. 'ടൈഗർ 3'യും (Tiger 3) ആയാണ് സൽമാൻ ഖാൻ എത്തുന്നത്. 'ടൈഗർ' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാലോകവും.
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കത്രീന കൈഫാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ കത്രീനയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് നായകൻ സൽമാൻ ഖാൻ (Salman Khan Drops New Poster of Katrina Kaif in Tiger 3). 'സോയ' എന്ന കഥാപാത്രത്തെയാണ് കത്രീന കൈഫ് സിനിമയിൽ അവതരിപ്പിക്കുന്നത്.
ശക്തമായ കഥാപാത്രം തന്നെയാകും സോയ എന്ന് ഉറപ്പ് തരുന്നതാണ് പോസ്റ്റർ (Katrina Kaif as Zoya in Tiger 3). തോക്കുമായി കയറിൽ തൂങ്ങിയുള്ള കത്രീന കൈഫിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിൽ ഇതിനോടകം വൈറലായി മാറി. ആക്ഷനിൽ താരം ഞെട്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ 'ടൈഗർ 3'യിൽ ഇമ്രാൻ ഹാഷ്‌മിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്ത മാസം (2023 നവംബർ) 10 ന് 'ടൈഗർ 3' തിയേറ്ററുകളിൽ എത്തും. അതേസമയം ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ ആരാധകരുമായി പങ്കുവച്ചിട്ടില്ല.