സ്‌പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ ഇനി മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കാം എന്നായിരുന്നു സലിം കുമാറിന്‍റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രസ്‌താവന. ദേവസ്വം മന്ത്രി രാധാകൃഷ്‌ണന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സലിം കുമാറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :'മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്‍റെ ഒരു ഇത്..'എന്നായിരുന്നു സലിം കുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്.
വിവാദമായി ഷംസീറിന്‍റെ മിത്ത് പരാമർശം : ഒരു പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കവേ ഗണപതിയെക്കുറിച്ച് സ്‌പീക്കർ എ എൻ ഷംസീർ നടത്തിയ പരമാർശമാണ് വിവാദമായത്. തുടർന്ന് സംഭവത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് രംഗത്തെത്തുകയായിരുന്നു. എന്നാൽ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ലെന്നും ഷംസീർ പറഞ്ഞു. ഓഗസ്റ്റ് 7ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്‌പീക്കർ തന്‍റെ നിലപാട് അറിയിച്ചത്.
Read more :AN Shamseer| 'ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചിട്ടില്ല, അതുകൊണ്ട് മാപ്പില്ല'; വിവാദ പരാമര്‍ശത്തില്‍ എഎന്‍ ഷംസീര്‍
ഷംസീറിന് പിന്തുണയുമായി എം വി ഗോവിന്ദൻ : ഷംസീറിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. മതത്തിനോ വിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎം. മതങ്ങൾക്കെതിരെ പ്രസ്‌താവന സ്വീകരിക്കുന്ന പാർട്ടി എന്ന നിലയിൽ പ്രചരണം നടക്കുന്നുണ്ട്. വിശ്വ ചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്‌തകങ്ങൾ ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ടെന്നും, നെഹ്‌റു തികഞ്ഞ ഭൗതിക വാദിയായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗണപതിയെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് നരേന്ദ്രമോദി ഒരു ആശുപത്രി ഉദ്‌ഘാടനത്തിന് പറഞ്ഞിരുന്നുവെന്നും ഇതെല്ലാം മിത്തിന്‍റെ ഭാഗമായി അംഗീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more :MV govindan| 'ഷംസീർ പറഞ്ഞതിൽ തെറ്റില്ല', മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം : സ്‌പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസ്‌താവന വർഗീയ വാദികൾക്ക് ആയുധം നൽകുന്നതായി എന്നും അദ്ദേഹം പ്രസ്‌താവന തിരുത്തണമെന്നുമായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്‌താവന. ഭരണഘടന പദവിയിലിരിക്കുന്നവർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും ശാസ്ത്ര ബോധത്തെ മത വിശ്വാസങ്ങളുമായി ആരും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ചരിത്രസത്യം പോലെ പ്രധാനമാണ് വിശ്വാസ സത്യവും. സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസത്തിന് മുറിവേല്‍ക്കുന്നതായിപ്പോയി. വിഷയം ബിജെപിയും സംഘപരിവാറും മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു. എരിതീയിൽ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ് വിഷയത്തിൽ പ്രതിപക്ഷം വിഷയത്തിൽ ചാടിവീഴാത്തതെന്നും അദ്ദേഹം പറഞ്ഞു.