മുംബൈ:ആരാധകർക്ക് സർപ്രൈസുമായി ആക്ഷൻ, കോമഡി ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകൻ രോഹിത് ഷെട്ടി. മുൻ മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ബയോപിക് പ്രഖ്യാപിച്ച് രോഹിത് ഷെട്ടി. ചിത്രത്തിൽ നിർമാതാവ്, ഉപദേശകൻ എന്നീ റോളുകളാണ് രോഹിത് ഷെട്ടിയുടേത്.
ഇതിനായി രോഹിത് റിലയൻസ് എന്‍റർടെയ്‌ൻമെന്‍റുമായി കൈകോർത്തു. രാകേഷ് മരിയയുടെ 2020ൽ പുറത്തിറങ്ങിയ ലെറ്റ് മീ സേ ഇറ്റ് നൗ എന്ന ഓർമക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബയോപിക്. സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
രാകേഷ് മരിയ: '36 വർഷം ഭീകരതയുടെ മുഖത്ത് തുറിച്ചുനോക്കിയ മനുഷ്യൻ. 1993ലെ മുംബൈയിലെ സ്‌ഫോടനം മുതൽ 2008ലെ 26/11 മുംബൈ ഭീകരാക്രമണം വരെ നീളുന്നു അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ യാത്ര. ഇദ്ദേഹത്തിന്‍റെ ജീവിതയാത്ര സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് രോഹിത് ഷെട്ടി പറഞ്ഞു'.
1981 ബാച്ചിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ പാസായ വ്യക്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് മരിയ. 1993ൽ ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എന്ന നിലയിൽ ബോംബെ സ്‌ഫോടന പരമ്പര കേസ് തെളിയിക്കുകയും പിന്നീട് ഡിസിപി(ക്രൈം), മുംബൈ പൊലീസ് ജോയിന്‍റ് പൊലീസ് കമ്മിഷണർ(ക്രൈം) എന്നീ സ്ഥാനങ്ങൾ അനുഷ്‌ഠിക്കുകയും ചെയ്‌തു. 2003ലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, സവാരി ബസാർ ഇരട്ട സ്ഫോടന കേസുകൾ മരിയ തെളിയിച്ചു.
26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം കേസിന്‍റെ അന്വേഷണ ചുമതല മരിയക്ക് നൽകപ്പെട്ടു. അദ്ദേഹം ജീവനോടെ പിടിക്കപ്പെട്ട ഒരേയൊരു ഭീകരൻ അജ്‌മൽ കസബിനെ ചോദ്യം ചെയ്യുകയും കേസ് വിജയകരമായി അന്വേഷിക്കുകയും ചെയ്‌തു. കഠിനമായ വെല്ലുവിളികൾ നേരിടുമ്പോഴും മുംബൈ പൊലീസിന്‍റെ അസാധാരണമായ പ്രവർത്തനം ജനങ്ങൾക്ക് മുന്നിൽ വയ്ക്കാനുള്ള വിലപ്പെട്ട അവസരം കൂടിയാണിതെന്ന് പ്രഖ്യാപനത്തെ കുറിച്ച് രാകേഷ് മരിയ അഭിപ്രായപ്പെട്ടു.