രൺബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം 'അനിമലി'ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി (Ranbir Kapoor's Animal Movie New Song). ഗാനത്തിന്റെ മലയാളം പതിപ്പും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 'നീ വേറെ ഞാന്‍ വേറെയല്ല രാഗിണീ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത് (Nee Vere Njan song from Animal Movie).
ശ്രേയസ് പുരാണിക് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ് ഈ ഗാനം പാടിയിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ക്ക് പിന്നിൽ.
'ഗീതാഞ്ജലി' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ക്രൈം ഡ്രാമയായ 'അനിമലി'ൽ പ്രേക്ഷകർ ഇതുവരെ കാണാത്ത, തന്നിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രൺബീർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗീതാഞ്ജലിയുമായുള്ള വിവാഹ ശേഷം ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണതകളാണ് ഇപ്പോൾ പുറത്തുവന്ന ഗാനത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
'സത്രംഗാ...' എന്ന് തുടങ്ങുന്നതാണ് ഹിന്ദി പതിപ്പിലെ വരികള്‍. 1.62 മില്യൺ കാഴ്ചക്കാരോടെ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു അർജിത് സിങ് ആലപിച്ച ഈ ഗാനം. മലയാളം പതിപ്പും മികച്ച പ്രതികരണം നേടുന്നുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ 'അര്ജുന് റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് സന്ദീപ് റെഡി വംഗയാണ് 'അനിമൽ' സിനിമ സംവിധാനം ചെയ്യുന്നത്. ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.