ഒരു കണ്ണിറുക്കലിലൂടെ ഇന്ത്യൻ സിനിമ ലോകത്തിന്‍റെയാകെ ശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ (Priya Prakash Varrier). 'ഒരു അഡാറ് ലവി'ലൂടെ എത്തിയ പ്രിയ ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെയാകെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തെലുഗു ഉൾപ്പടെയുള്ള ഇതര ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം.
'ബ്രോ' എന്ന തെലുഗു ചിത്രമാണ് പ്രിയ വാര്യരുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. പ്രശസ്‌ത നടനായ സമുദ്രക്കനി (Samuthirakani) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസം ആഘോഷപൂർവം നടന്നിരുന്നു. ഇപ്പോഴിതാ 'ബ്രോ'യുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ പ്രിയ വാര്യരുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെളുത്ത നിറത്തിലുള്ള സാരിയിൽ അതിമനോഹരി ആയാണ് പ്രിയ ചടങ്ങിനെത്തിയത്. കരഘോഷത്തോടെ സദസ് താരത്തെ വരവേൽക്കുന്നത് വീഡിയോയിൽ കാണാം. കാണികളോട് അനായാസം തെലുഗുവിൽ സംസാരിക്കുന്നുമുണ്ട് പ്രിയ.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താൻ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയ വാര്യര്‍ പ്രീ റിലീസ് ചടങ്ങില്‍ പറഞ്ഞു. തെലുഗു സൂപ്പർ സ്റ്റാർ പവൻ കല്യാണും (Pawan Kalyan) സായ് ധരം തേജും (Sai Dharam Tej) ആണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 28ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ത്രിവിക്രം ശ്രീനിവാസാണ് 'ബ്രോ'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.