തിരുവനന്തപുരം: പ്രശസ്‌ത സംവിധായകന്‍ മണിരത്‌നം ഒരുക്കിയ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ താരങ്ങൾ തിരുവനന്തപുരത്തെത്തി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനാണ് സംവിധായകൻ മണിരത്‌നം, നടൻ വിക്രം, കാർത്തി, ജയംരവി, തൃഷ, ബാബു ആന്‍റണി, ഐശ്വര്യ ലക്ഷ്‌മി എന്നിവരെത്തിയത്. 2012 ല്‍ ഒരുക്കാനിരുന്ന സിനിമ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ഇടയ്‌ക്ക് നിന്നു പോയിരുന്നു.
തിരുവനന്തപുരത്തെ ആരവത്തിലാഴ്‌ത്തി മണിരത്‌നവും സംഘവും; പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് 'പൊന്നിയിൻ സെൽവൻ' - ചിയാന്‍ വിക്രം
പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൊന്നിയിന്‍ സെൽവന്‍റെ ഓഡിയോ ലോഞ്ചിനായി സംവിധായകന്‍ മണിരത്‌നവും സംഘവും തിരുവനന്തപുരത്ത്
അതേസമയം, 2012 ല്‍ പൊന്നിയിന്‍ സെല്‍വന്‍ നടക്കാതിരുന്നത് നന്നായി എന്ന് സംവിധായകന്‍ മണിരത്‌നം പറഞ്ഞു. അതിനു ശേഷം സിനിമ മികച്ചതാക്കാന്‍ കഴിയുന്ന തരത്തില്‍ ടെക്‌നോളജികള്‍ വളര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മണിരത്‌നവും ഗോകുലം ഗോപാലനും ഒന്നിക്കുന്ന സിനിമ വന്നാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്ന് തമിഴ് നടൻ ചിയാന്‍ വിക്രം പറഞ്ഞു. ചെറുപ്പം മുതലേ ആദിത്യ കരിങ്കാലന്‍റെ കഥാപാത്രത്തോട് ഒരിഷ്‌ടമുണ്ടായിരുന്നുവെന്നും ഈ കഥാപാത്രം തനിക്കുള്ളതാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ഇതുവരെ ലഭിക്കാത്ത അനുഭവം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മികച്ച വരവേല്‍പ്പും പിന്തുണയുമാണ് നല്‍കിയതെന്ന് കാര്‍ത്തിയും ജയംരവിയും പറഞ്ഞു. സെപ്‌തംബർ 30 ന് റിലീസാകുന്ന സിനിമ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം എ.ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെൽവന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഇളങ്കോ കുമാരവേലാണ്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മണിരത്‌നത്തിന്‍റെ സ്വപ്‌നപദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍.