മുകേഷ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫിലിപ്‌സ്'. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു. ഹിഷാം അബ്‌ദുൽ വഹാബിന്‍റെ ഈണത്തിൽ ജോബ് കുര്യൻ ആലപിച്ച 'ഈ ലോകം...' എന്നുതുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനു എലിസബത്ത് ജോസിന്‍റേതാണ് വരികൾ.
അന്തരിച്ച, മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യം തന്നെയാണ് ഈ ഗാനത്തിന്‍റെ ഹൈലൈറ്റ്. ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് 'ഫിലിപ്‌സ്'. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് ഇന്നസെന്‍റ് എത്തുന്നതെന്നാണ് വിവരം.
ആൽഫ്രഡ് കുര്യൻ ജോസഫാണ് 'ഫിലിപ്‌സ്' സംവിധാനം ചെയ്യുന്നത്. മുകേഷിന്‍റെ മുന്നൂറാമത് ചിത്രം എന്ന സവിശേഷത കൂടിയുണ്ട് 'ഫിലിപ്‌സി'ന്. നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധന്യ, അജിത് കോശി, അൻഷ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് 'ഫിലിപ്‌സി'ന്‍റെ നിർമാണം. മൂന്ന് മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്‍റെയും കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. മുകേഷാണ് ടൈറ്റിൽ കഥാപാത്രമായ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. മാത്തുക്കുട്ടി സേവ്യറും ഒപ്പം സംവിധായകൻ ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.