വിവിധ ഭാഷകളിൽ വ്യാഴാഴ്‌ച പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രമായ കെജിഎഫ് ചാപ്‌റ്റർ 2 രാജ്യത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ലോകമെമ്പാടും വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസായി ആദ്യദിനം തന്നെ ബോക്‌സ് ഓഫിസിൽ 135 കോടി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
കെജിഎഫ് എന്ന ചിത്രത്തിനായി ക്യാമറയ്ക്ക് മുൻപിലും അണിയറയിലും പ്രവർത്തിച്ചവരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് വൻ വിജയവും സ്വീകാര്യതയും. ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എഡിറ്റിങ്. കെജിഎഫ് ടീമിൽ നിന്നും അമ്പരപ്പിക്കുന്ന വാർത്തകളാണ് ചിത്രത്തിന്‍റെ എഡിറ്ററെ കുറിച്ച് പുറത്തുവരുന്നത്. 100 കോടി ബജറ്റിൽ ഒരുങ്ങി ആദ്യദിനം തന്നെ 135 കോടി സ്വന്തമാക്കിയ ചിത്രത്തിന്‍റെ എഡിറ്റർ 20കാരനാണെന്ന് കേട്ടാൽ സിനിമ കണ്ട ആരും അതിശയിക്കും.
കലബുറഗി സ്വദേശിയായ 20കാരനായ ഉജ്വൽ കുൽകർണിയാണ് കെജിഎഫ് ചാപ്റ്റർ 2ന്‍റെ ചിത്രസംയോജകൻ. യഷിന്‍റെ കടുത്ത ആരാധകനാണ് ഉജ്വൽ കുൽകർണി. ഇടയ്ക്ക് താൻ യഷിനെ സന്ദർശിക്കാറുണ്ടായിരുന്നു. കെജിഎഫിന്‍റെ ആദ്യഭാഗം തന്നെ വല്ലാതെ സ്വാധീനിച്ചു. അക്കാലത്ത് മലിനീകരണ സർട്ടിഫിക്കറ്റ് നൽകലായിരുന്നു ജോലി. സഹോദരൻ വിനയ് ആണ് സിനിമ മേഖലയിലേക്ക് വരാൻ പറഞ്ഞതെന്നും എഡിറ്റിങ്ങിൽ താത്പര്യം ഉണ്ടാക്കിയതെന്നും ഉജ്വൽ ഇടിവി ഭാരതിനോട് പറഞ്ഞു.