തിരുവനന്തപുരം:വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് നൂതനമായ സംരംഭവുമായി കേരള ടൂറിസം വകുപ്പ്. പ്രേക്ഷക ഹൃദയം കീഴടക്കിയ ഹിറ്റ് സിനിമകളിൽ ഇടം നേടിയ സംസ്ഥാനത്തെ പ്രകൃതിരമണീയമായ വിവിധ സ്ഥലങ്ങൾ ടൂറിസത്തിന്‍റെ ഭാഗമാക്കി, ജനപ്രിയമാക്കാനുള്ള സിനിമ ടൂറിസം പദ്ധതിക്കാണ് കേരള സർക്കാർ തുടക്കമിടുന്നത്. ഈ ശ്രമത്തിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ മണിരത്‌നത്തിന്‍റെ സഹായവും സർക്കാർ തേടി.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ സിനിമ ടൂറിസം പദ്ധതിക്ക് സംവിധായകൻ മണിരത്‌നം പിന്തുണ അറിയിച്ചതായി കേരള ടൂറിസം വകുപ്പ് പ്രസ്‌താവനയിൽ അറിയിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസുമായി കോഴിക്കോട് വച്ച് നടത്തിയ ചർച്ചയിലാണ് മണിരത്നം പദ്ധതിക്ക് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്‌ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ ആ ഓർമകൾ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് സിനിമ ടൂറിസം പദ്ധതി.
മണിരത്‌നത്തിന്‍റെ സംവിധാനത്തില്‍ അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും ഗംഭീര പ്രകടനം കാഴ്‌ചവച്ച ‘ബോംബെ’ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ബോംബെ'യിലെ മനോഹര രംഗങ്ങൾ ചിത്രീകരിച്ച ഈ ലൊക്കേഷനിൽ നിന്നുമാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് സംവിധായകൻ മണിരത്‌നം സമ്മതിച്ചതായി മന്ത്രി അറിയിച്ചു. 'റോജ', 'ബോംബെ', 'ദിൽ സേ' തുടങ്ങി അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങളില്‍ കേരളത്തിന്‍റെ പ്രകൃതിരമണീയമായ ഭൂപ്രകൃതി സ്ഥിരം സാന്നിധ്യമായിരുന്നു. പ്രത്യേകിച്ചും ഗാനരംഗങ്ങളില്‍ കേരളം പ്രധാന ലൊക്കേഷനായിരുന്നു. മണിരത്നത്തിനെ പോലെയുള്ള പ്രമുഖ സംവിധായകന്‍റെ പ്രോത്സാഹനവും സാന്നിധ്യവും ഇത്തരം ഒരു പദ്ധതിക്ക് വലിയ ഊർജമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സംവിധായകനെ കൂടാതെ, സിനിമയിലെ അഭിനേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമ ടൂറിസം പദ്ധതി:കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിനിമ ടൂറിസം പദ്ധതിയെ കുറിച്ചും വിശദമാക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ജനപ്രിയ സിനിമകളിൽ അവതരിപ്പിച്ച പ്രധാന ലൊക്കേഷനുകൾ അതേ ചാരുതയോടെ പ്രദർശിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പിന്നിലെ ആശയമെന്ന് പ്രസ്‌താവനയിൽ പറയുന്നു. സിനിമകളിലൂടെ ആളുകൾ തിരിച്ചറിഞ്ഞ ഇത്തരം ഗൃഹാതുരത്വമുണർത്തുന്ന ലൊക്കേഷനുകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് സിനിമ ടൂറിസം സംരംഭത്തിലൂടെ കേരളം ലക്ഷ്യമിടുന്നത്.
അതേസമയം 'പൊന്നിയിൻ സെൽവൻ 2' ആണ് മണിരത്‌നത്തിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ തിളങ്ങിയിരുന്നു. രണ്ട് ദിവസത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച സിനിമ ചോള രാജവംശത്തിന്‍റെ ചരിത്രമാണ് പ്രമേയമാക്കുന്നത്.
കൽക്കി കൃഷ്‌ണമൂർത്തിയുടെ 'പൊന്നിയിൻ സെൽവൻ' എന്ന ചോള രാജകുമാരൻ അരുൾമൊഴി വർമന്‍റെ ചരിത്രം പറയുന്ന ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, തൃഷ കൃഷ്‌ണൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു, ജയറാം തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.