കാർത്തിക് സുബ്ബരാജിന്‍റെ 'ജിഗർതണ്ട ഡബിൾ എക്‌സ്' സിനിമയുടെ ട്രെയിലർ പുറത്ത്. രാഘവ ലോറന്‍സ്, എസ്‌ജെ സൂര്യ, നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മലയാളികളുടെ ഇഷ്‌ട താരങ്ങളായ നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ട്രെയിലറിൽ തിളങ്ങുന്നുണ്ട്.
സൺ ടിവിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ 50 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. രാഘവ ലോറന്‍സിന്‍റെയും എസ്ജെ സൂര്യയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളും ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. 1975 ആണ് ട്രെയിലറിന്‍റെ കഥാപശ്ചാത്തലം.
'തമിഴ് സിനിമാവിന്‍ മുതല്‍ കറുപ്പ് ഹീറോ' എന്ന രാഘവ ലോറന്‍സിന്‍റെ ഡയലോഗോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് സങ്കീർണമായ പല വഴിത്തിരിവുകളിലൂടെ ട്രെയിലർ പ്രേക്ഷകരെ കൊണ്ടുപോകുന്നു. സഞ്ജന നടരാജൻ, നവീൻ ചന്ദ്ര എന്നിവരും ഡബിൾ എക്‌സിൽ പ്രധാന വേഷങ്ങളിലുണ്ട്.
ഫൈവ് സ്റ്റാര്‍ ക്രിയേഷൻസിന്‍റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രം നവംബര്‍ 10ന് തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ 2014 ഓഗസ്റ്റ് 1ന് റിലീസ് ചെയ്‌ത 'ജിഗർതണ്ട' എന്ന സിനിമയുടെ തുടർച്ചയാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്'. പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ഈ ചിത്രത്തിൽ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്‌മി മേനോന്‍ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. കതിരേശന്‍ ആണ് ചിത്രം നിർമിച്ചത്.
ബോക്‌സോഫിസിലും മികച്ച പ്രകടനം കാഴ്‌ചവച്ച 'ജിഗർതണ്ട'യുടെ രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ട്രെയിലറിനും സിനിമാസ്വാദകർ ഗംഭീര വരവേൽപ്പാണ് ഒരുക്കുന്നത്.
തിരുനവുക്കരാസു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലി ആണ്. വിവേകിന്‍റെ വരികള്‍ക്ക് സന്തോഷ് നാരായണൻ സംഗീതം പകര്‍ന്നിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ '10000 പാക്‌സ്' എന്ന റാപ് ഗാനം കയ്യടി നേടിയിരുന്നു. പ്രശസ്‌ത റാപ്പർ ഓഫ്രോ (ofRo) ആണ് ഈ ഗാനം രചിച്ചതും ആലപിച്ചതും.
READ ALSO:70കളിലെ സിനിമാകാഴ്‌ചകളുമായി '10000 പാക്‌സ്'; ജിഗർതണ്ട ഡബിൾ എക്‌സിലെ ഗാനം ശ്രദ്ധേയം
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അശോകന്‍ നാരായണന്‍ എം, അസോസിയേറ്റ് പ്രൊഡ്യുസര്‍ - പവന്‍ നരേന്ദ്ര, കലാസംവിധാനം - ബാലസുബ്രമണ്യന്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍ - കുനാല്‍ രാജന്‍, ഡയറക്ഷന്‍ ടീം - ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വിപി, വിഘ്‌നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട് - ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി - ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍ - ടൂണി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണഇയറ പ്രവർത്തകർ.