തമിഴകത്ത് ഏറെ താരമൂല്യമുള്ള അഭിനേതാവാണ് കാർത്തി (Karthi). ഇപ്പോഴിതാ കാർത്തി ആരാധർക്ക് ഏറെ ആവേശം പകരുന്ന വാർത്തയാണ് തമിഴ് സിനിമ ലോകത്ത് നിന്നും വരുന്നത്. കാർത്തിയുടെ തകർപ്പൻ പ്രകടനവുമായി എത്തിയ 'സർദാർ' (Sardar) എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കാര്‍ത്തി സോളോ നായകനായി ഏറ്റവും ഒടുവിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാർ'. തിയേറ്ററുകളില്‍ വൻ ഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതിന്‍റെ ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകർ. ആദ്യ ഭാഗം ഒരുക്കിയ പിഎസ് മിത്രനാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുക.
യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുക എന്നാണ് വിവരം. ജിവി പ്രകാശ് കുമാർ ആയിരുന്നു ആദ്യ ഭാഗത്തിന്‍റെ സംഗീത സംവിധായകൻ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മൂന്നാം തവണയാണ് യുവൻ ശങ്കര്‍ രാജയും പി എസ് മിത്രനും കൈകോർക്കുന്നത്. നേരത്തെ 'ഇരുമ്പ് തിരൈ, ഹീറോ' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.
അതേസമയം പുതിയ ചിത്രത്തിന്‍റെ പ്രമേയത്തെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. 'സർദാർ 2' പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ചും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും 'സർദാറി'ന്‍റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകർ.