ബെംഗളൂരു:ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് കന്നഡയുടെ പത്താമത്തെ സീസണിൽ മത്സരാർഥിയായി പ്രവേശിച്ച് കർണാടക കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ (Karnataka Congress MLA Pradeep Eshwar in Bigg Boss Kannada). ഞായറാഴ്‌ച (ഒക്‌ടോബർ 08) ആരംഭിച്ച ബിഗ് ബോസിന്‍റെ പുതിയ സീസണിലാണ് മത്സരാർഥികളിൽ ഒരാളായി കർണാടകയിലെ ചിക്കബെല്ലാപൂർ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വറും ഉൾപ്പെട്ടത്. പ്രശസ്‌ത കന്നഡ നടൻ സുദീപ് ആണ് ഷോയുടെ അവതാരകൻ.
100 ദിവസം നീണ്ടുനിൽക്കുന്ന ബിഗ് ബോസ് കന്നഡ പരിപാടിയ്‌ക്കാണ് ഇന്നലെ തുടക്കമായത്. ഈ സീസണിൽ 19 പേരാണ് മത്സര രംഗത്തുള്ളത്. കളേഴ്‌സ് കന്നഡ ചാനലിലാണ് പരിപാടിയുടെ സംപ്രേക്ഷണം.
തിങ്കളാഴ്‌ചയാണ് പ്രദീപ് ഈശ്വർ ബിഗ് ബോസ് ഹൗസിലെത്തിയത്. ആദ്യ ദിവസം തന്നെ പ്രദീപ് ബിഗ് ബോസ് ഹൗസിൽ എത്തേണ്ടതായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ എംഎൽഎയ്‌ക്ക് എത്താൻ സാധിക്കാതെ വരികയായിരുന്നു. പ്രദീപ് ഈശ്വർ എംഎൽഎയുടെ രംഗപ്രവേശം സംബന്ധിച്ച പ്രൊമോ കളേഴ്‌സ് കന്നഡ ചാനൽ പങ്കുവച്ചിട്ടുണ്ട്. എംഎൽഎയുടെ പെട്ടെന്നുള്ള പ്രവേശനം ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളിലും ആശ്ചര്യം ഉണ്ടാക്കി.
'ഞാൻ ഇന്നലെ ബിഗ് ബോസ് വേദിയിൽ എത്തേണ്ടതായിരുന്നു. ഒരു മത്സരാർഥിയായി ഇവിടേക്ക് എത്തിയതിൽ വളരെ സന്തോഷമുണ്ട്'- ബിഗ് ബോസ് ഹൗസിലേക്കുള്ള തന്‍റെ സർപ്രൈസ് എൻട്രിയെക്കുറിച്ച് പ്രദീപ് ഈശ്വർ പ്രൊമോയിൽ പറഞ്ഞു.
അനാഥ കുട്ടികളുടെ ക്ഷേമം ലക്ഷ്യം വച്ചാണ് പ്രദീപ് ഈശ്വർ ബിഗ് ബോസ് ഹൗസിലേക്ക് പോയതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ അറിയിച്ചു. ബിഗ് ബോസിൽ നിന്ന് ലഭിക്കുന്ന പണം മാതാപിതാക്കളില്ലാത്ത കുട്ടികൾക്ക് നൽകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനമെന്നും ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം എംഎൽഎയുടെ ബിഗ് ബോസ് പ്രവേശനം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
ഒരു എംഎൽഎ ആയതിനാൽ തന്നെ ബിഗ് ബോസിൽ മുഴുവൻ മത്സരാർഥിയായി നിലനിൽക്കാൻ പ്രദീപ് ഈശ്വറിന് ആകുമോ എന്നതാണ് പ്രേക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യം. കുറച്ച് ദിവസത്തേക്ക് മാത്രമുള്ള അതിഥി ആയാണോ എംഎൽഎയുടെ പ്രവേശനം എന്നും കൗതുകത്തോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. ഇത്തവണ വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള മത്സരാർഥികളാണ് ബിഗ് ബോസ് ഹൗസിൽ ഒത്തുകൂടിയിരിക്കുന്നത്.
കന്നഡ ടെലിവിഷൻ (ടിവി) നടി നമ്രത, ടിവി നടൻ സനേഖ്, റാപ്പർ ഇഷാനി, ടിവി നടൻ വിനയ്, 'ചാർലി 777' നടി സംഗീത ശൃംഗേരി, ഹാസ്യ നടൻ ബുള്ളറ്റ് പ്രകാശിന്‍റെ മകൻ രക്ഷക് ബുള്ളറ്റ്, ടിവി നടി സിറിസ, ഡ്രോൺ പ്രതാപ്, വർത്തൂർ സന്തോഷ്, തുകലി സന്തോഷ്, നീതു വനജാക്ഷി, സ്‌നേക്ക് ശ്യാം, അവതാരകൻ ഗൗരിഷ് അക്കി, കാർത്തിക് മഹേഷ്, മൈക്കൽ അജയ് എന്നിവരും മത്സരാർഥികളായുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ചിക്കബല്ലാപ്പൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ പ്രദീപ് ഈശ്വർ മത്സരിച്ചത്. കന്നി ഊഴത്തിൽ ബിജെപി സ്ഥാനാർഥിയായ മുൻ മന്ത്രി ഡോ. കെ സുധാകറിനെതിരെ 11318 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയായിരുന്നു പ്രദീപ് ഈശ്വർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.