മുംബൈ:ബോക്‌സോഫിസിനെ പൂരപ്പറമ്പാക്കിയ ആക്ഷന്‍ ത്രില്ലര്‍ 'കാന്താര'യ്ക്ക് രണ്ടാംഭാഗം ഒരുങ്ങുന്നതായി വെളിപ്പെടുത്തി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച പിരീഡ് ആക്ഷന്‍ ത്രില്ലര്‍ കാന്താര ഒരു ഫ്രാഞ്ചൈസിയായി മാറുമെന്നും കമ്പനി ഉടന്‍ തന്നെ ചിത്രത്തിന്‍റെ പ്രീക്വലോ തുടര്‍ച്ചയോ നിര്‍മിക്കാനൊരുങ്ങുകയാണെന്നും ഹോംബാലെ ഫിലിംസിന്‍റെ സഹസ്ഥാപകൻ വിജയ് കിരഗന്ദൂർ അറിയിച്ചു.
16 കോടി രൂപയെന്ന കുറഞ്ഞ ബജറ്റിലിറങ്ങിയ കാന്താര ലോകമെമ്പാടും ബോക്‌സാഫിസില്‍ നിന്ന് മാത്രമായി 400 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു. മാത്രമല്ല ഈ വര്‍ഷം സെപ്‌റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ കാന്താര മികച്ച പ്രേക്ഷക പിന്തുണയും നേടി.
അധികം വൈകില്ല:റിഷഭ് നിലവില്‍ സ്ഥലത്തില്ല. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എന്താണ് വേണ്ടതെന്ന് ഞങ്ങൾ ചർച്ച ചെയ്യുമെന്നും ഒരു പ്രീക്വലോ തുടർച്ചയോ മാസങ്ങള്‍ക്കുളളിൽ ഉണ്ടാകുമെന്നും വിജയ് കിരഗന്ദൂർ പറഞ്ഞു. കാന്താര 2 പദ്ധതിയിലുണ്ട്, എന്നാല്‍ അതിന് ടൈംലൈനൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് പദ്ധതിയിടുന്നായി റിഷഭ് ഷെട്ടി മുമ്പ് തന്നെ അറിയിച്ചിരുന്നുവെങ്കിലും നിര്‍മാതാക്കള്‍ കൂടി രംഗത്തെത്തിയതോടെ കാന്താര 2 അധികം വൈകാതെ കാണുമെന്ന് ഏറെക്കുറെ ഉറപ്പായി.
എന്താണ് കാന്താര: ദക്ഷിണ കന്നഡയിലെ 'കാന്താര' എന്ന ഒരു സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. കർണാടക തീരപ്രദേശത്ത് നവംബർ മുതൽ മാർച്ച് വരെ നടക്കുന്ന വാർഷിക ഓട്ടമത്സരമായ 'കമ്പള'യാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ജോടി പോത്തുകളെ കലപ്പയില്‍ കെട്ടിയിട്ട് ചെളി നിറഞ്ഞ ട്രാക്കുകളിലൂടെ സമാന്തരമായി ഓടിക്കുന്ന ഓട്ടമത്സരത്തില്‍ ചാമ്പ്യനായ റിഷഭ് ഷെട്ടിയും സത്യസന്ധനായ ഫോറസ്‌റ്റ് റെയിഞ്ച് ഓഫീസറായി കിഷോറെത്തിയ മുരളി എന്ന കഥാപാത്രങ്ങളിലൂടെയുമാണ് കാന്താര പുരോഗമിക്കുന്നത്. അച്യുത് കുമാര്‍, സപ്‌തമി ഗൗഡ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തെലുഗു, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് പുറത്തിറങ്ങിയത്.
ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നതും ആഴത്തിൽ വേരൂന്നിയതുമായ ആചാരങ്ങളും വിശ്വാസങ്ങളും പ്രദർശിപ്പിച്ചതിലൂടെ ചിത്രം പ്രേക്ഷകരുമായി ബന്ധപ്പെട്ടുവെന്നും 'കാന്താര'യിൽ എന്തായിരുന്നുവോ, അതേ കഥ രാജ്യത്തിന്‍റെ ഏത് ഭാഗത്തും സംഭവിക്കാവുന്നതാണെന്നും ഹോംബാലെ ഫിലിംസിന്‍റെ മറ്റൊരു സഹസ്ഥാപകൻ ചലുവെ ഗൗഡ അഭിപ്രായപ്പെട്ടു. അതേസമയം പ്രേക്ഷകർക്ക് പുറമെ രജനികാന്തും കമൽഹാസനും ഉൾപ്പെടെ നിരവധി പ്രമുഖരും കാന്താരയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.