മലയാള ടെലിവിഷനിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിത്വമാണ് ബിനീഷ് ബാസ്റ്റിൻ. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കള്ളന്മാരുടെ വീടി'ൽ മികച്ച ഒരു വേഷവുമായി കടന്നുവരികയാണ് പ്രിയ താരം. ചിത്രത്തിൽ ഒരു വികാരിയുടെ വേഷമാണ് ബിനീഷിന്.
ഹുസൈൻ അരോണി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. നർമ്മം നിറഞ്ഞ മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം ഉണ്ട്. സാധാരണ വില്ലൻ-ഗുണ്ടാ വേഷങ്ങളിൽ മാത്രം തന്നെ കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവമാകും കള്ളന്മാരുടെ വീടിലെ താരത്തിന്‍റെ വേഷം. ടെലിവിഷൻ ഷോയിലൂടെയാണ് ബിനീഷ് ബാസ്റ്റിൻ ജനപ്രിയനാകുന്നത്.
ആദ്യ കാലങ്ങളിൽ സ്വദേശമായ മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും വച്ച് ആൾക്കാർ തന്നെ കാണുമ്പോൾ ദേ ഗുണ്ട നിൽക്കുന്നു എന്ന രീതിയിൽ പറഞ്ഞിരുന്നതായി താരം പങ്കുവച്ചു. സിനിമയിലും അത്തരം വേഷങ്ങളാണ് ചെയ്‌തു കൊണ്ടിരുന്നത്. ടെലിവിഷന്‍ ഷോയിലെ പ്രകടനത്തിലൂടെയാണ് കുട്ടികൾക്കും അമ്മമാർക്കും സാധാരണ പ്രേക്ഷകർക്കും വരെ പ്രിയങ്കരനായ താരമായി ബിനീഷ് ബാസ്റ്റിൻ മാറിയത്.
തന്നിലൊരു കോമഡി നടൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയതായി ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയതിന് ശേഷം ധാരാളം സിനിമകൾ നടനെ തേടി എത്തിയിട്ടുണ്ട്. ജീവിതത്തിൽ തൊഴിലാളി ആയിരുന്ന ബിനീഷ് ഇപ്പോൾ ഉദ്ഘാടന തൊഴിലാളി. അണ മുറിയാതെ ഉദ്ഘാടന ചടങ്ങുകൾ ലഭിച്ച് തുടങ്ങിയപ്പോൾ സിനിമകൾ ശ്രദ്ധിക്കാൻ ആകാതെ പോയി. താരത്തെ വളർത്തിയതിൽ മുഖ്യപങ്കും സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയയാണ് തന്‍റെ അന്നം എന്ന് വേണമെങ്കിൽ പറയാമെന്നാണ് ബിനീഷ് പറയുന്നത്.
കള്ളന്മാരുടെ വീടിലെ തന്‍റെ പ്രകടനം കണ്ടിട്ട് ഇഷ്‌ടപ്പെടുകയോ വിമർശിക്കുകയോ ചെയ്യാമെന്ന് താരം പ്രേക്ഷകരോടായി പറഞ്ഞു. അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കാമെന്നും ബിനീഷ് ബാസ്റ്റിൻ കൂട്ടിച്ചേർത്തു. ബിജുക്കുട്ടൻ നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും ഹുസൈൻ അരോണി തന്നെയാണ്. കെ എച്ച് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിയ്‌ക്കുന്നത്.