മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ ദി കോർ'ലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'എന്നും എൻ കാവൽ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മാത്യൂസ് പുളിക്കൻ സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ എസ് ചിത്രയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.
നവംബർ 23 മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര് മാത്യു ദേവസി എന്നാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി തന്‍റെ കഥാപാത്രമായ മാത്യു ദേവസിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്‍റെ ട്രെയിലർ ഉടൻ പുറത്തുവിടും. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിനാണ് കേരളത്തിലെ വിതരണ അവകാശം.
'കാതൽ ദി കോർ'ലൂടെ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' എന്ന ചിത്രമാണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള സിനിമ. സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. കാതലിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യ ലൊക്കേഷനിൽ എത്തി മമ്മൂട്ടിയെയും ജ്യോതികയെയും സന്ദർശിച്ചിരുന്നു. കാതലിന്‍റെ പ്രമേയം തന്നെ വല്ലാതെ ആകർഷിച്ചു എന്ന് സൂര്യ പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു.
'കണ്ണൂർ സ്‌ക്വാഡി'ന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്‌തമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് ജോർജ്, എഡിറ്റിംങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്‌ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ശബരി.