'പാപ്പൻ' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആന്‍റണി'. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് വിവരം പങ്കുവച്ചിരിക്കുകയാണ് 'ആന്‍റണി'യുടെ അണിയറ പ്രവർത്തകർ. ലോകേഷ് കനകരാജിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ലിയോ'യ്‌ക്കൊപ്പം ഒക്ടോബർ 19നാണ് ടീസർ പുറത്തിറങ്ങുക (Joshiy-Joju George Movie Antony Teaser Release).
ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഐൻസ്റ്റീൻ മീഡിയയ്‌ക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്‍റർടെയിൻമെന്‍റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് നിർമിക്കുന്നത്. നവംബർ 23ന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.
മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. രക്തബന്ധങ്ങൾക്കപ്പുറമുള്ള, മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. ഹൃദയം തൊടുന്ന, വൈകാരികമായ അനുഭവം തന്നെയാണ് പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കാരക്‌ടർ പോസ്റ്ററുകളുമെല്ലാം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. അതേസമയം ജോഷി - ജോജു ജോർജ് കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് (Joshiy - Joju George Duo). ഇരുവരും ഒരുമിച്ച 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം കയ്യടി നേടിയിരുന്നു.
ജോജുവിനൊപ്പം ചെമ്പൻ വിനോദും നൈല ഉഷയും വിജയരാഘവനും ആയിരുന്നു 'പൊറിഞ്ചു മറിയം ജോസ്' ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിനിടെ ഒരിക്കൽ കൂടി ജോഷി സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് താനെന്ന് ജോജു ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ജോഷിക്കൊപ്പമുള്ള കല്യാണി പ്രിയദർശന്‍റെയും കന്നി ചിത്രമാണ് 'ആന്‍റണി'.
ഒരു പാൻ ഇന്ത്യൻ ജോഷി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കല്യാണി നേരത്തെ വ്യക്തമാക്കിയിരുന്നു. അസാധാരണവും വ്യത്യസ്‌തവുമായിരിക്കും ഈ ചിത്രമെന്നും കല്യാണി പറഞ്ഞിരുന്നു. രണ്‍ദീവാണ് 'ആന്‍റണി'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റർ ആയി ശ്യാം ശശിധരനും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായി ആർജെ ഷാനും 'ആന്‍റണി' ടീമിലുണ്ട്. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിലും പിന്നീടിങ്ങോട്ടും മികച്ച സിനിമകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന, മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകനാണ് ജോഷി.
'ആന്‍റണി'യുടെ അവതരണ ശൈലിയിൽ അദ്ദേഹം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വർക്കി ജോർജ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്‌ണരാജ് രാജൻ എന്നിവരാണ് സഹ നിർമാതാക്കൾ.
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് വിതരണം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, കലാസംവിധാനം - ദിലീപ് നാഥ്, കോസ്റ്റ്യൂം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, മാർക്കറ്റിങ് പ്ലാനിങ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്, സ്‌റ്റില്‍സ് - അനൂപ് പി ചാക്കോ.