റാഞ്ചി : ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനെ (Jharkhand Governor CP Radhakrishnan) രാജ്‌ഭവനിലെത്തി സന്ദർശിച്ച് രജിനികാന്ത് (Rajinikanth). ഇരുവരും കൂടിക്കാഴ്‌ച നടത്തിയതിന്‍റെ ചിത്രങ്ങൾ ഗവർണർ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവച്ചു. 'റാഞ്ചിയിൽ എത്തിയതിന്‍റെ ഭാഗമായി എന്‍റെ പ്രിയ സുഹൃത്തും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളും നല്ല മനസിനുടമയുമായ സൂപ്പർ സ്റ്റാർ രജിനികാന്തുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയതിൽ സന്തോഷമുണ്ട്.'- എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ഗവർണർ സി പി രാധാകൃഷ്‌ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്.
ഏറ്റവും പുതിയ ചിത്രം ജയിലർ (Jailer) റിലീസ് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷം ബദ്രിനാഥ് ക്ഷേത്ര സന്ദർശനത്തിന് താരം ഉത്തരാഖണ്ഡിൽ എത്തിയിരുന്നു. ബദ്രിനാഥ് ക്ഷേത്രം സന്ദർശിച്ചതിന് ശേഷം അദ്ദേഹം സന്ധ്യപ്രാർഥനയിലും പങ്കെടുത്തിരുന്നു. ക്ഷേത്രം സന്ദർശിച്ചതിന് ശേഷം തന്‍റെ മനസ് സംതൃപ്‌തവും ആവേശഭരിതവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Read more :'മനസിന് സംതൃപ്‌തി'; ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്
ജയിലർ തേരോട്ടം : 'ജയിലർ' ബോക്‌സോഫിസ് ഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് താരം ജാർഖണ്ഡ് ഗവർണറെ കണ്ടത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്‌തത്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം രണ്ട് വർഷത്തിന് ശേഷം തിയേറ്ററിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകരും. അതുകൊണ്ടുതന്നെ താരത്തിന്‍റെ തിരിച്ചുവരവ് അതിഗംഭീരമായാണ് ആരാധകർ ആഘോഷിച്ചത്.