ബെംഗളൂരു: തെലുഗു നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിയുടെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്‍റെയും സാന്നിധ്യത്തിലാണ് ജയസുധ ബിജെപിയില്‍ ചേർന്നത്. കിഷൻ റെഡ്ഡിയിൽ നിന്നും ജയസുധ ബിജെപി അംഗത്വം ഏറ്റുവാങ്ങി.
മുൻപ് കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ ജയസുധ പ്രവർത്തിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് ഇപ്പോഴത്തെ ജയസുധയുടെ ചുവടുമാറ്റമെന്നാണ് വിലയിരുത്തല്‍. തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ജയസുധയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ജയസുധയ്‌ക്കൊപ്പം ക്ഷണം ലഭിച്ച രാജഗോപാല്‍ റെഡ്ഡി നിലവിൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ സെക്കന്തരബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ ഇവര്‍ വിജയിച്ചിരുന്നു. 2016ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വൈകാതെ അവിടെ നിന്ന് രാജിവച്ചു.
മലയാളികൾക്കും സുപരിചിത: തെലുഗു - തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. ദിലീപ് നായകനായി 2001ൽ എത്തിയ 'ഇഷ്‌ടം' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ് ജയസുധ. രാസലീല (1975), തിരുവോണം (1975), റോമിയോ (1976), മോഹിനിയാട്ടം (1976), ശിവതാണ്ഡവം (1977), ശിവരഞ്ജനി (1978), പ്രിയദർശിനി (1978), ജീവിക്കാൻ പഠിക്കണം (1981), സരോവരം (1993) എന്നിവയാണ് ഇവർ വേഷമിട്ട മറ്റ് മലയാള ചിത്രങ്ങൾ.
ഐന (1977), ശഭാഷ് ഡാഡി (1979), സൂര്യവംശം (1999) എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും ജയസുധ തന്‍റെ സാന്നിധ്യം അറിയിച്ചു. കാഞ്ചന സീത (1987), കലികാലം (1990), മേരാ പതി സിർഫ് മേരാ ഹേ (1990), അദ്രുസ്‌തം (1992), വിന്‍റ കൊടല്ലു (1993), ഹാൻഡ്‌സ് അപ്പ് (1999) എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.
വിജയ് നായകനായ 'വാരിസ്' എന്ന തമിഴ് ചിത്രത്തിലാണ് ജയസുധ അവസാനമായി പ്രധാന വേഷത്തില്‍ എത്തിയത്. വാണിജ്യമായി വിജയം കൊയ്‌ത ചിത്രത്തില്‍ വിജയ്‌യുടെ അമ്മയായാണ് ജയസുധ അഭിനയിച്ചത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത ഈ ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിച്ചത്. 200 കോടിയിലേറെ രൂപ ആയിരുന്നു ചിത്രത്തിന്‍റെ ആകെ കലക്ഷന്‍.
വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച 'കസ്റ്റഡി' എന്ന ചിത്രത്തിലും ജയസുധ വേഷമിട്ടിട്ടുണ്ട്. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്‍റെയും ആൻജി ഇൻഡസ്‌ട്രീസിന്‍റെയും ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിർമിച്ച ചിത്രത്തില്‍ നാഗ ചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി, പ്രിയാമണി, ആർ ശരത്കുമാർ, സമ്പത്ത് രാജ് എന്നിവരാണ് മുഖ്യ വേഷത്തില്‍ എത്തിയത്. പിരിയഡ് ഡ്രാമയായ ഈ ആക്ഷൻ ത്രില്ലർ തെലുഗു, തമിഴ് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ചിത്രം കൂടിയാണ്.