തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിനെ (Rajinikanth) നായകനാക്കി നെൽസൻ സംവിധാനം ചെയ്‌ത ചിത്രം 'ജയിലറി'ലെ (JAILER) പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. 'ജുജുബി' (Jujubee Lyric Video) എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത്.
അനിരുദ്ധ് രവി ചന്ദറിന്‍റെ ത്രസിപ്പിക്കുന്ന സംഗീതത്തില്‍ ഒരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത ഗായികയായ ദീ ആണ്. സൂപ്പർ സുബു ആണ് ഗാന രചയിതാവ്. ചിത്രത്തിലെ 'കാവാലാ', 'ഹുക്കും' തുടങ്ങിയ ഗാനങ്ങൾ ആരാധകരിൽ സൃഷ്‌ടിച്ച അലയൊലികൾ അവസാനിക്കും മുൻപാണ് ഇപ്പോൾ പുതിയ ഗാനവും എത്തിയിരിക്കുന്നത്.
സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുന്നത്. ചിത്രത്തില്‍ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ (Mohanlal) കാമിയോ റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിലേതായി പുറത്ത് വന്ന വിന്‍റേജ് ലുക്കിലുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരുന്നു.
തമന്ന (Tamannaah ) ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ രമ്യ കൃഷ്‌ണനും പ്രധാന വേഷത്തിലുണ്ട്. 'പടയപ്പ' എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ജയിലർ'. കന്നട താരം ശിവരാജ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ്, യോഗി ബാബു, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വാസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു. ഓഗസ്റ്റ് 10 ന് ഈ രജനി ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.