ഹൈദരാബാദ്: 'ബിഹു' ബിഹാറിന്‍റെ ഉത്സവമാണെന്ന് തെറ്റായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ട്വിറ്ററില്‍ ക്ഷമാപണം നടത്തി ബോളിവുഡ് നടിയും ലോക്‌സഭ എംപിയുമായ ഹേമ മാലിനി. അസമിലെ ദേശീയോത്സവമായ ബിഹുവിനെ ബിഹാറിന്‍റെ ഉത്സവമെന്നാണ് താരം വിശേഷിപ്പിച്ചത്. ട്വിറ്ററിലെ പോസ്റ്റിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം ട്വിറ്ററില്‍ ക്ഷമാപണം നടത്തിയത്.
വിമര്‍ശനങ്ങള്‍ക്ക് പുറമെ താരത്തിനെതിരെ ട്രോള്‍ മഴയുമായി നെറ്റിസണ്‍സ് രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ താരം ഇത്തരത്തില്‍ പോസ്റ്റിട്ടത്.
താരം ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:'ഇപ്പോൾ വിളവെടുപ്പ് കാലമാണ്. തമിഴ് പുത്താണ്ട് (പുതുവർഷം), ബൈശാഖി (പഞ്ചാബ്), ബിഹു (ബിഹാർ), പൊഹേല ബൈസാഖ് അല്ലെങ്കിൽ നബ ബർഷ (ബംഗാൾ) എന്നിവയാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും മനോഹരമായ ഒരു ഉത്സവ മാസം ആശംസിക്കുന്നു'.
പോസ്റ്റിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും തലപൊക്കി തുടങ്ങിയപ്പോഴാണ് താരം തന്‍റെ തെറ്റ് തിരിച്ചറിഞ്ഞതും തുടര്‍ന്ന് മാപ്പ് പറഞ്ഞതും.
താരത്തിന്‍റെ ക്ഷമാപണം: 'അബദ്ധവശാല്‍ 'ബിഹു' ബിഹാറിലെ ഉത്സവമാണെന്നാണ് താന്‍ ട്വിറ്ററില്‍ കുറിച്ചത്. ക്ഷമിക്കണം! അത് ബിഹു, അസമിലെ ഉത്സവമാണ്.'
ഹേമ മാലിനിയും സിനിമയിലേക്കുള്ള അരങ്ങേറ്റവും:ബോളിവുഡ് ചലച്ചിത്ര രംഗത്തെ മികച്ച നടിയും എഴുത്തുകാരിയും സംവിധായികയും നിര്‍മാതാവുമാണ് ഹേമ മാലിനി. 'ഇതു സത്തിയം' എന്ന തമിഴ് ചിത്രത്തിലൂടെ 1962ലായിരുന്നു താരത്തിന്‍റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. എന്നാല്‍ 1968ല്‍ 'സപ്‌നോ കാ സൗദാഗര്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചതാണ് താരത്തിന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. തുടര്‍ന്ന് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് ബോളിവുഡ് സിനിമ ഇന്‍ഡസ്‌ട്രിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി.
ഹേമ മാലിനിയുടെ ചിത്രങ്ങള്‍:ഷോലെ, സീത ഔർ ഗീത, ദിലഗി, രാജ ജാനി, ദോ ദിശയേൻ, ദ ബേണിങ് ട്രെയിൻ, ജുഗ്നു, ദിൽ കാ ഹീര, ഡ്രീം ഗേൾ എന്നീ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ താരത്തിനായി. 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ച് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
എന്താണ് ബിഹു അല്ലെങ്കില്‍ ബൊഹാഗ്ബിഹു: അസം സംസ്ഥാനത്തിന്‍റെ ദേശീയ ഉത്സവമാണ് ബിഹു. കാര്‍ഷികവൃത്തി ആരംഭിക്കുന്നതും പുതുവത്സരവുമാണ് അസം ജനതയ്‌ക്ക് ഈ ദിനം. അസമീസ് കലണ്ടറിലെ ആദ്യമാസമാണ് ബൊഹാഗ്. പുതുവത്സരമായത് കൊണ്ട് തന്നെ ബൊഹാഗില്‍ എത്തിയ ബിഹു എന്ന അര്‍ഥത്തില്‍ ഇതിനെ 'ബൊഹാഗ്ബിഹു' എന്നും അറിയപ്പെടുന്നു.
അതി പ്രാചീന കാലഘട്ടത്തില്‍ കര്‍ഷകരായിരുന്ന ദിമാസ ജനതയുടെ ഭാഷയില്‍ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. ബിഹുവിന്‍റെ ആദ്യ ദിനത്തെ ഗോരു ബിഹു എന്നാണ് അറിയപ്പെടുന്നത്. ബിഹു നൃത്തമാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. ഇരുപത് മിനിറ്റിലധികം നീണ്ട് നില്‍ക്കുന്ന ഈ നൃത്തം അതിമനോഹരമാണ്. ഉണര്‍ത്തുപാട്ട് പാടിയാണ് ബിഹു നൃത്തം വയ്‌ക്കുന്നത്. നൃത്തത്തിലൂടെ ഭൂമിദേവിയെ പ്രീതിപ്പെടുത്താനാകുമെന്നും അതിലൂടെ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്നുമാണ് വിശ്വാസം.
ബിഹു ദിനത്തില്‍ ഗമോസ ധരിച്ച് അസമീസ്: അസമീസ് പരമ്പരാഗതമായി ഉപയോഗിക്കുന്ന വസ്‌ത്രമാണ് ഗമോസ അല്ലെങ്കില്‍ ഗമോച്ച. വെളുത്ത തുണിയില്‍ ചിത്രങ്ങളുള്ള ഈ വസ്‌ത്രമാണ് ബിഹു ആഘോഷ വേളകളില്‍ അസമീസ് ധരിക്കുന്നത്. പ്രധാനമായും തോളിലിടുവാനും തലയില്‍ കെട്ടാനും ഒക്കെയാണ് ഗമോസ ഉപയോഗിക്കുന്നത്.