ദുൽഖർ സൽമാൻ (Dulquer Salmaan) പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്‌സി'ന്‍റെ (Guns and Gulaabs) ട്രെയിലർ പുറത്തിറങ്ങി. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരീസിന്‍റെ പ്രമേയമെന്ന് ട്രെയിലറുകൾ സൂചിപ്പിക്കുന്നു. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കിയാണ് സീരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.
ഇൻസ്‌പെക്‌ടർ അർജുൻ വർമ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. രാജ്‌കുമാർ റാവു (Rajkummar Rao), ആദർശ് ഗൗരവ് (Adarsh Gourav), ടിജെ ഭാനു (TJ Bhanu), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ശ്രേയ ധന്വന്തരി (Shreya Dhanwanthary), പൂജ എ ഗോർ (Pooja A Gor) എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കയ്യില്‍ തോക്കുമായി പരുക്കന്‍ ലുക്കിലുള്ള ദുല്‍ഖറിനെയാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. തികച്ചും പുതിയ രൂപത്തിലാണ് രാജ്‌കുമാർ സീരീസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയകാലത്തെ വസ്‌ത്രധാരണവും ഹെയർസ്റ്റൈലുമുള്ള ഗുൽഷൻ ദേവയ്യയുടെ ശൈലി 90കളിലെ സഞ്ജയ് ദത്തിന്‍റെ ലുക്കിനെ ഓർമിപ്പിക്കുന്ന തരത്തിലാണെന്നും പ്രതികരണങ്ങളുണ്ട്.
'ദി ഫാമിലി മാൻ' (The Family Man), 'ഫർസി' (Farzi) എന്നീ ത്രില്ലർ വെബ് സീരീസുകളിലൂടെ പ്രേക്ഷകപ്രീതി നേടിയവരാണ് രാജും ഡികെയും (Raj and DK). സിനിമ ബന്ദിക്ക് ശേഷം നെറ്റ്ഫ്ലിക്‌സുമായി രാജ്-ഡികെയുടെ (Raj & DK) രണ്ടാമത്തെ സഹകരണത്തിലിറങ്ങുന്ന പരമ്പരയാണ് ഗൺസ് ആൻഡ് ഗുലാബ്‌സ്. ഓഗസ്റ്റ് 18ന് സീരീസ് നെറ്റ്‍ഫ്ലിക്‌സിൽ സ്‍ട്രീമിങ് ആരംഭിക്കും.
സീരീസിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പങ്കജ് കുമാറാണ് (Pankaj kumar). രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയും സുമന്‍ കുമാറും (Suman kumar) ചേര്‍ന്നാണ് സീരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.